ദിലീപിനെതിരായ ആരോപണങ്ങൾ തള്ളി കോടതി; ഗൂഢാലോചനക്കുറ്റം പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ലെന്നും നിരീക്ഷണം

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ സി.ഐ ബൈജു പൗലോസിനെ ദിലീപ് നേരിട്ട് ഭീഷണിപ്പെടുത്തിയെന്ന പ്രോസിക്യൂഷന്‍ വാദം ഹൈക്കോടതി തള്ളി. വിചാരണക്കോടതിയില്‍ വച്ച് ഭീഷണിപ്പെടുത്തിയെന്ന് പറയുന്ന ദിവസം കേസ് നടന്നത് അങ്കമാലി കോടതിയിലെന്ന് ഹൈക്കോടതി വിധി പ്രസ്താവത്തിൽ പറയുന്നു. വീട്ടുകാർക്കെല്ലാം സുഖമല്ലേയെന്ന് ബൈജു പൗലോസിനോട് ദിലീപ് പറഞ്ഞത് ഭീഷണിയായി കണക്കാക്കാനാകില്ലന്നും ഉത്തരവില്‍ കോടതി നിരീക്ഷിക്കുന്നു.
ദിലീപിനെതിരെ പ്രേരണാക്കുറ്റം നിലനില്‍ക്കില്ല, പ്രേരണയുടെ അടിസ്ഥാനത്തില്‍ കൃത്യം ചെയ്തതായി പ്രോസിക്യൂഷന് തെളിയിക്കാനായില്ല. പ്രതികള്‍ ക്രിമിനല്‍ ഗൂഡാലോചന നടത്തിയതായി സ്ഥാപിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചിട്ടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കുന്നു. മുഖ്യസാക്ഷി ബാലചന്ദ്രകുമാര്‍ ഭീഷണിപ്പെടുത്തിയെന്ന ദിലീപിന്‍റെ ആരോപണങ്ങള്‍ ഈ ഘട്ടത്തില്‍ പരിശോധിക്കുന്നില്ലെന്നും കോടതി നിരീക്ഷിക്കുന്നു. പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നും ജസ്റ്റിസ് പി.ഗോപിനാഥിൻ്റെ ഉത്തരവിലുണ്ട്.
പ്രതികൾ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചാല്‍ ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷന് കോടതിയെ സമീപിക്കാം. മുന്‍കൂര്‍ ജാമ്യം നല്‍കുന്നത് അന്വേഷണത്തിന് തടസമാകില്ലെന്നും കോടതി വ്യക്തമാക്കുന്നു. പ്രതികള്‍ അന്വേഷണവുമായി സഹകരിക്കണം, ആവശ്യപ്പെടുമ്പോള്‍ ചോദ്യം ചെയ്യലിന് ഹാജരാകണം. ദിലീപിന് മേൽ ആരോപിക്കപ്പെട്ട ഗൂഢാലോചനക്കുറ്റം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതല്ല. ഹൈക്കോടതി
ഫോണുകള്‍ ഹാജരാക്കാത്തത് നിസ്സഹകരണമായി കണക്കാക്കാനാകില്ല .
കേസിൻ്റെ വാദപ്രതിവാദത്തിനിടെ കോടതിയ്ക്ക് നേരെ ഉയർന്ന വിമർശനങ്ങൾക്കും കോടതി വിധി പ്രസ്താവത്തിൽ മറുപടി പറയുന്നുണ്ട്. പാതി വെന്ത വസ്തുതകള്‍ കൊണ്ട് കോടതി നടപടികളെ ചോദ്യം ചെയ്യരുതെന്നും നീതിന്യായ സംവിധാനത്തെക്കുറിച്ച് ധാരണയില്ലാതെയാണ് വിമര്‍ശനങ്ങള്‍ ഉയരുന്നതെന്നും കോടതി പറയുന്നു. മുഖ്യധാര ചാനലുകൾ, സോഷ്യൽ മീഡിയ എന്നിവ കേസ് കൈകാര്യം ചെയ്ത രീതിയിൽ അഭിപ്രായപ്രകടനം നടത്തി. കോടതി നടത്തിയ നിരീക്ഷണങ്ങളെ ആഴത്തിൽ പരിശോധിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തെ കോടതികൾ തന്നെ സംരക്ഷിക്കുന്നുണ്ട്. എന്നാൽ അത് നിയമ സംവിധാനത്തെ അബ്യൂസ് ചെയ്യാനുള്ള ലൈസൻസായി കണക്കാക്കരുതെന്നും കോടതി ആവശ്യപ്പെടുന്നു.
