Local newsMALAPPURAM

തൊഴുത്ത് ആശുപത്രി വാർഡായി… ‘ഡയാലിസിസ്’ വിജയകരം; പശു സുഖം പ്രാപിക്കുന്നു

മലപ്പുറം : എആർ നഗർ ചെണ്ടപ്പുറായ ചാലിലകത്ത് സുബൈറിന്റെ വീട്ടിലെ തൊഴുത്ത് കഴിഞ്ഞ ദിവസം ആശുപത്രി വാർഡായി മാറി. രണ്ടു യുവ വെറ്ററിനറി ഡോക്ടർമാരുടെ നേതൃത്വത്തിൽ മൂന്നു മണിക്കൂർ നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ, ചെള്ളുപനി ബാധിച്ച് അവശനിലയിലായ പശുവിന്റെ ദേഹത്തു 2 ലീറ്റർ രക്തം കയറ്റി. അവശനിലയിലായിരുന്ന പശു ഇപ്പോൾ ആരോഗ്യം വീണ്ടെടുക്കുന്നു. കുറച്ചു ദിവസങ്ങൾ കൂടി നിരീക്ഷണം വേണ്ടിവരുമെന്നു രക്തം കയറ്റൽ ചികിത്സയ്ക്കു നേതൃത്വം നൽകിയവരിലൊരാളായ തിരൂരങ്ങാടി ബ്ലോക്കിലെ ഡോ. മെൽവിൻ പറഞ്ഞു. മൂന്നു മാസം തമിഴ്നാട് കൃഷ്ണഗിരി മാർക്കറ്റിൽനിന്നാണു സുബൈർ പശുവിനെ വാങ്ങിയത്. ചെള്ളുപനി ബാധിച്ചതോടെ കുറച്ചു ദിവസങ്ങളിലായി പശു അവശനിലയിലാണ്. അങ്ങനെയാണു ഡോക്ടർമാരെ വിവരമറിയിക്കുന്നത്. ഡോ.മെൽവിനും വേങ്ങര ബ്ലോക്കിലെ ഡോ. കെ.പി.സുധീഷാമോളുമെത്തുമ്പോൾ പശു തീർത്തും അവശയാണ്. ശരീരത്തിൽ രക്തത്തിന്റെ അളവ് കുറഞ്ഞു വിളർച്ച ബാധിച്ചിരുന്നു. ശരീരത്തിൽ ആവശ്യമായതിന്റെ 25 ശതമാനത്തിൽ താഴെ രക്തം മാത്രമാണുണ്ടായിരുന്നത്.

രക്തം കയറ്റുകയായിരുന്നു പശുവിനെ രക്ഷിക്കാനുള്ള ഏക മാർഗം. സാധാരണ, മികച്ച സൗകര്യമുള്ള വെറ്ററിനറി ആശുപത്രികളിലാണ് ഇതു ചെയ്യാനാകുക. പശുവിനെ രക്ഷിക്കാനുള്ള അവസാന മാർഗമെന്ന നിലയിൽ ഒരു ശ്രമം നടത്താൻ ഡോക്ടർമാർ തീരുമാനിക്കുകയായിരുന്നു. ഇതിനായി രക്ത ബാഗ് ലഭിക്കുമോയെന്ന് ആശുപത്രികളിൽ അന്വേഷിച്ചെങ്കിലും ലഭിച്ചില്ല. ഇതോടെ, യൂറിൻ ബാഗ് ഉപയോഗിക്കാൻ തീരുമാനിച്ചു. മറ്റൊരു പശുവിൽനിന്നു 2 ലീറ്റർ രക്തം സ്വീകരിച്ച് ഇത് അസുഖമുള്ള പശുവിന്റെ ശരീരത്തിലേക്കു കയറ്റി. മനുഷ്യരുടെ ശരീരത്തിൽനിന്നു രക്തം സ്വീകരിക്കുകയും കയറ്റുകയും ചെയ്യുന്ന അതേ നടപടിയാണ് മൃഗങ്ങളിലുമുള്ളത്. പുതിയ രക്തം കയറ്റിയതോടെ പശുവിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു. ദിവസങ്ങൾക്കകം പൂർണമായി ആരോഗ്യം വീണ്ടെടുക്കുമെന്നു ഡോ. മെൽവിൻ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button