തൃശൂർ – പൊന്നാനി കോൾ നിലങ്ങളിൽ അടിസ്ഥാന സൗകര്യ വികസന പ്രവൃത്തികൾക്കായി 6.81 കോടി രൂപയുടെ അധിക പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം
പൊന്നാനി: കോൾ നിലങ്ങളിൽ പ്രളയം, വരൾച്ച എന്നിവ മറികടക്കാനുള്ള 298.38 കോടി രൂപയ്‌ക്ക് അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കായി റീബിൽഡ് കേരള ഇനിഷ്യേറ്റീവിൽ ഉൾപ്പെടുത്തി ഭരണാനുമതി നൽകിയിരുന്നു. 235.12 കോടി രൂപയുടെ നിർമാണ പ്രവൃത്തികൾക്കായി കേരള ലാൻഡ് ഡെവലപ്മെന്റ് കോർപറേഷനെ ചുമതലപ്പെടുത്തിയിരുന്നു.
കോളിലെ അധികവെള്ളം ഒഴുക്കിക്കളയുന്നതിനും വരൾച്ച തടയുന്നതിനുമായി കൂടുതൽ നിർമാണ പ്രവൃത്തികൾ ആവശ്യമുണ്ടെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് 46.81 കോടി രൂപയുടെകൂടി പദ്ധതികൾക്ക് അനുമതി നൽകിയതെന്ന് തൃശൂർ പൊന്നാനി കോൾ വികസന കമ്മിറ്റി ചെയർമാൻ കൂടിയായ മന്ത്രി കെ രാജൻ അറിയിച്ചു.
ആദ്യഘട്ട പദ്ധതിയിൽ ഉൾപ്പെടുത്താത്ത പാടശേഖരങ്ങളിലെ ആന്തരിക ചാലുകളുടെ ആഴംകൂട്ടൽ, പ്രധാന ചാലുകളുടെ നിർമാണം, കാർഷിക യന്ത്രവൽക്കരണത്തെ സഹായിക്കുന്നതിനുള്ള റോഡുകൾ, റാമ്പുകൾ, കലുങ്കുകൾ, നിലവിലുള്ള ബണ്ടുകളുടെ ഉയരം വർധിപ്പിക്കൽ തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഏനാമാക്കൽ റഗുലേറ്ററിന്റെ നവീകരണത്തിന് 8.59 കോടി രൂപയുടെയും ഇടിയഞ്ചിറ റഗുലേറ്ററിന്റെ നവീകരണത്തിന് 5.04 കോടി രൂപയുടെയും പുതുക്കിയ ഭരണാനുമതി നൽകിയിട്ടുണ്ട്. കോൾ മേഖലയിൽ ഉപ്പ് വെള്ളം കയറുന്നത് തടയുന്നതിന് മുനയത്ത് സ്ഥിരം റഗുലേറ്റർ നിർമിക്കുന്നതിന് ഡിപിആർ സമർപ്പിക്കാനും കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ തൃശൂരിൽ ചേർന്ന മേഖലാതല യോഗം തീരുമാനിച്ചിരുന്നു.