ഏഷ്യാകപ്പിൽ പാകിസ്ഥാനെ തകർത്തെറിഞ്ഞ് ടീം ഇന്ത്യ കിരീടം നേടി
ദുബായ് : ഏഷ്യാകപ്പിൽ ചിരവൈരികളായ പാകിസ്ഥാനെ തോൽപ്പിച്ച് ടീം ഇന്ത്യ. ഒമ്പതാം തവണയാണ് ഇന്ത്യ ഏഷ്യാകപ്പ് ഫൈനലിൽ വിജയിക്കുന്നത്. ആദ്യാവസാനം ആവേശഭരിതമായിരുന്ന മത്സരത്തിനൊടുവിൽ ഇന്ത്യ വിജയം സ്വന്തമാക്കിയെങ്കിലും ജേതാക്കൾക്കുള്ള ട്രോഫി ഇന്ത്യ ഏറ്റുവാങ്ങിയില്ല. ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ തലവൻ എന്ന നിലയിൽ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ കൂടിയായ മുഹസിൻ നഖ്‌വിയിൽ നിന്നും കപ്പ് ഏറ്റുവാങ്ങാൻ ടീം ഇന്ത്യ തയ്യാറായില്ല. അതേസമയം, മത്സരം കഴിഞ്ഞിട്ടും ഒരു മണിക്കൂർ വൈകിയാണ് നഖ്‌വി വേദിയിലെത്തിയത്.
അഞ്ച് വിക്കറ്റിന്റെ തകർപ്പൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യം ബാറ്റു ചെയ്ത പാകിസ്ഥാൻ 19.1 ഓവറിൽ 146 റൺസാണ് നേടിയത്. പാക് പടഉയർത്തിയ 147 റൺസ് വിജയലക്ഷ്യം, 19.4 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ മറികടന്നത്. ടൂർണമെന്റിന്റെ 41 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യയും പാകിസ്ഥാനും ഫൈനലിൽ ഏറ്റുമുട്ടിയത്. ടൂർണമെന്റിൽ ഒരു തോൽവി പോലുമില്ലാതെയാണ് ഇന്ത്യയുടെ കിരീടനേട്ടം. അതേസമയം, മൂന്ന് പരാജയങ്ങൾ അറിഞ്ഞാണ് പാകിസ്താൻ ഫൈനലിലെത്തിയത്. ആ മൂന്നു പരാജയങ്ങളും ഇന്ത്യയോടായിരുന്നു എന്നതും ശ്രദ്ധേയമാണ്.
അർധ സെഞ്ചുറി നേടിയ തിലക് വർമയും നാലു വിക്കറ്റുകൾ നേടി പാക് നിരയെ തകർത്ത കുൽദീപ് യാദവുമാണ് ഇന്ത്യയുടെ ഫൈനൽ ഹീറോകൾ. പാകിസ്താനുവേണ്ടി സഹിബ്സാദ ഫർഹാൻ അർധസെഞ്ചുറി നേടി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാകിസ്താൻ 19.1 ഓവറിൽ 146 റൺസിന് പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 19.4 ഓവറിൽ ലക്ഷ്യം മറികടന്നു. സ്‌കോർ: 150/5. ഒരു ഘട്ടത്തിൽ 20-ന് മൂന്ന് എന്ന നിലയിൽ തകർന്ന ഇന്ത്യയെ, തിലക് വർമയും സഞ്ജു സാംസണും ചേർന്നാണ് വീണിടത്തുനിന്ന് എഴുന്നേൽപ്പിച്ചത്. 53 പന്തുകൾ നേരിട്ട തിലക് നാല് സിക്‌സും മൂന്ന് ഫോറും സഹിതം 69 റൺസ് നേടി. തിലകിന്റെ ഇന്നിങ്‌സാണ് ഇന്ത്യയുടെ കിരീട വിജയത്തിൽ ഏറ്റവും നിർണായകമായത്.
നാലാം വിക്കറ്റിൽ തിലക് വർമയും സഞ്ജു സാംസണും ചേർന്ന് 57 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി പ്രതീക്ഷ പകർന്നു. 13-ാം ഓവറിൽ 21 പന്തിൽ 24 റൺസുമായി സഞ്ജു മടങ്ങി. അബ്രാർ അഹ്മദിന്റെ പന്തിൽ ഫർഹാന് ക്യാച്ചായാണ് പുറത്താവൽ. ഒരു സിക്സും രണ്ട് ഫോറും സഞ്ജുവിന്റെ ഇന്നിങ്സിലുണ്ട്.
പിന്നീട് തിലകിനൊപ്പം ശിവം ദുബെയുടെ ഊഴമായിരുന്നു. തിലകിനൊപ്പം അഞ്ചാംവിക്കറ്റിൽ ശക്തമായി നിലയുറപ്പിച്ച ദുബെ 22 പന്തിൽ 33 റൺസ് നേടി ജയത്തിൽ സുപ്രധാന പങ്കുവഹിച്ചു. രണ്ട് സിക്‌സും ഒരു ഫോറും ചേർന്ന ഇന്നിങ്‌സാണ് ദുബെയുടേത്. ദുബെ പുറത്തായതോടെ ക്രീസിലെത്തിയ റിങ്കു സിങ് ആണ് ഒരു ഫോറോടെ ഇന്ത്യയുടെ വിജയറൺസ് കുറിച്ചത്. പാകിസ്താനുവേണ്ടി ഫഹീം അഷ്‌റഫ് മൂന്നും ഷഹീൻ അഫ്രീദി, അബ്‌റാർ അഹ്‌മദ് എന്നിവർ ഓരോന്നും വിക്കറ്റുകൾ നേടി.
147 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്ക് ഓപ്പണർ അഭിഷേക് ശർമയെയാണ് ആദ്യം നഷ്ടപ്പെട്ടത്. ഫഹീം അഷ്‌റഫ് എറിഞ്ഞ രണ്ടാം ഓവറിലെ ആദ്യ പന്തിൽ മടങ്ങുമ്പോൾ ആറു പന്തിൽ അഞ്ച് റൺസാണ് അഭിഷേക് നേടിയത്. ശുഭ്മാൻ ഗില്ലും (12) ക്യാപ്റ്റൻ സൂര്യകുമാർ യാദവും (1) പിന്നാലെ മടങ്ങി. ഗില്ലിനെ ഫഹീമും സൂര്യയെ ഷഹീൻ അഫ്രീദിയുമാണ് മടക്കിയത്.