EDAPPALLocal news

അൺഎയ്ഡഡ് സ്കൂളുകളെ തകർക്കുന്ന നികുതി ഭാരം സർക്കാർ പിൻവലിക്കണം- സ്കൂൾ മാനേജ്മെൻ്റ്സ് അസോസിയേഷൻ

എടപ്പാൾ: സർക്കാറിൻ്റെ സാമ്പത്തിക സഹായമില്ലാതെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന അൺഎയ്ഡഡ് സ്കൂളുകളെ തകർക്കും വിധം പുതിയ നികുതി ഭാരം ചുമത്തിയ സർക്കാർ നടപടിയിൽ സി ബി എസ് ഇ സ്കൂൾ മാനേജ്മെൻ്റ്സ് അസോസിയേഷൻ ജില്ലാ കമ്മിററി പ്രതിഷേധം രേഖപ്പെടുത്തി. ഭാരിച്ച കെട്ടിട നികുതിക്ക് പുറമെ സ്കൂൾ വാഹനങ്ങൾക്ക് നൽകിയിരുന്ന ടാക്സ് ഇളവ് പിൻവലിക്കുകയും, വൈദ്യുതി നിരക്ക് കൊമേഴ്സൽ നിരക്കിലേക്ക് മാറ്റുകയും ചെയ്ത് സി ബി എസ് ഇ സ്കൂളുകളെ കൂടുതൽ പ്രതിസന്ധിയിലാക്കുന്ന നടപടികളിലൂടെയാണ് സർക്കാർ മുന്നോട്ട് പോകുന്നത്. മിതമായ ഫീസ് വാങ്ങി മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകുന്നതിന് വേണ്ടി സർക്കാർ അനുമതിയോടെ സമൂഹത്തിൽ സ്തുത്യർഹമായ സേവനം നടത്തി ക്കൊണ്ടിരിക്കുന്ന അൺഎയ്ഡഡ് സ്കൂളുകളെ നികുതി ഒഴിവാക്കിയും നിയമങ്ങൾ ലളിതമാക്കിയും സഹായിക്കുന്നതിന് പകരം ഭാരിച്ച നികുതി ചുമത്തിയും പുതിയ നിയമക്കുരുക്കുകൾ സൃഷ്ടിച്ചും ഇല്ലാതാക്കാൻ ശ്രമിക്കുന്നത് ഒരു ജനാധിപത്യ സർക്കാരിന് യോജിച്ചതല്ലെന്നും യോഗം വിലയിരുത്തി. സർക്കാർ തീരുമാനം പിൻവലിക്കുന്നില്ലെങ്കിൽ സംസ്ഥാന കമ്മിറ്റിയുടെ സഹായത്തോടെ നിയമപരമായ പോരാട്ടങ്ങൾ അക്കമുള്ള സമരപരിപാടികൾ ആസൂത്രണം ചെയ്യാൻ അസോസിയേഷൻ നിർബന്ധിതരാകുമെന്നും യോഗം മുന്നറിയിപ്പ് നൽകി. കടകശ്ശേരി ഐഡിയലിൽ ചേർന്ന യോഗത്തിൽ ജില്ലാ പ്രസിഡണ്ട് എ മൊയ്തീൻ കുട്ടി അധ്യക്ഷം വഹിച്ചു.ജനറൽ സെക്രട്ടറി മജീദ് ഐഡിയൽ വിഷയാവതരണം നടത്തി. ട്രഷറർ എം പത്മകുമാർ, വൈസ് പ്രസി: കല്ലിങ്ങൽ മുഹമ്മദലി , ജോ:സെക്രട്ടറി എം അബ്ദുൽ അസീസ്, എക്സിക്യൂട്ടീവ് മെമ്പർമാരായ ടി വി അലി, പി ഇസ്മായിൽ, കെഎം ഹുസൈൻ, എന്നിവർ പ്രസംഗിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button