തൃശൂരിലെ ‘സദാചാര’ ആക്രമണത്തിൽ ട്വിസ്റ്റ്, പ്രശ്‌നങ്ങൾക്ക് തുടക്കമിട്ടത് വിദ്യാർത്ഥി; വീഡിയോ പുറത്ത്.

തൃശൂരിൽ വിദ്യാർത്ഥിക്ക് നേരെയുണ്ടായ ‘സദാചാര’ ആക്രമണത്തിൽ ട്വിസ്റ്റ്. ബൈക്ക് യാത്രികനായ വിദ്യാർത്ഥി ബൈക്ക് വീൽ ചെയ്യുന്നതിനിടെ പിറകിലിരുന്ന പെൺകുട്ടി വീണത് ചോദ്യം ചെയ്തതാണ് അക്രമണത്തിന് തുടക്കം. വിദ്യാർത്ഥിയാണ് പ്രശ്നങ്ങൾക്ക് തുടക്കമിടുന്നതെന്ന് വ്യക്തമാവുന്ന ദൃശ്യങ്ങള്‍ പുറത്ത്.
തൃശൂർ ചേതന ഇൻസ്റ്റിട്യൂട്ടിലെ ബിരുദ വിദ്യാർത്ഥിയായ അമൽ സഹപാഠിക്കൊപ്പം ബൈക്കിൽ പോകുന്നതിനിടെ ബൈക്കിന്റെ മുൻവശം ഉയർത്തി അഭ്യാസ പ്രകടനം നടത്തവെയാണ് ബൈക്കിന്റെ പിറകിലിരുന്ന പെൺകുട്ടി താഴെ വീണത്. ഇതു കണ്ട് നാട്ടുകാർ ഓടിക്കൂടി അമലിനെ ചോദ്യം ചെയ്തു. ഇതിൽ പ്രകോപിതനായ അമൽ നാട്ടുകാരിൽ ഒരാളെ തല്ലുകയായിരുന്നു. പിന്നീട് നാട്ടുകാരും അമലും തമ്മിൽ വാക്കേറ്റമുണ്ടാവുകയും അമലിനെ കല്ലു കൊണ്ട് തലയ്ക്ക് ഇടിക്കുകയുമായിരുന്നു.
അമലിന്റെ പരാതിയിൽ ഒല്ലൂർ പൊലീസ് കൊടകര സ്വദേശി ഡേവിസ്, ചീയാരം സ്വദേശി ആന്റോ എന്നിവർക്കെതിരെ കേസെടുത്തിരുന്നു. അമൽ മർദ്ദിച്ചെന്ന ഡേവിസിന്റെ പരാതിയിൽ അമലിനെതിരെയും കേസെടുത്തു. തന്നെ മർദ്ദിച്ചവരെ മുൻപരിചയമില്ലെന്നും അവർ തന്നെ എന്തിനാണ് മർദ്ദിച്ചത് എന്ന് അറിയില്ലെന്നുമായിരുന്നു അമലിന്റെ പ്രതികരണം. സഹപാഠികൾക്കൊപ്പം ഭക്ഷണം കഴിക്കാൻ ബൈക്കിൽ പുറത്തിറങ്ങിപ്പോഴാണ് സംഭവം. ബൈക്കിൽ പെൺകുട്ടിയുമൊത്ത് സഞ്ചരിച്ചത് ചോദ്യം ചെയ്തായിരുന്നു മർദ്ദനമെന്നും താൻ ധരിച്ചിരുന്ന വസ്ത്രത്തിന്റെ പേരിലും മർദ്ദിച്ചെന്നും അമൽ പറഞ്ഞിരുന്നു














