Local newsTHRITHALA

തൃത്താലക്ക് അഞ്ച് വർഷത്തിനുള്ളിൽ രണ്ട് കോളേജുകൾ സമ്മാനിച്ച ഭരണാധികാരിയായിരുന്നു ഉമ്മൻ ചാണ്ടി; വി.ടി.ബൽറാം

തൃത്താലക്കൊരു കോളേജ്’ എന്നത് വി.ടി.ബൽറാം ജനപ്രതിനിധിയാവുന്നതിനും പതിറ്റാണ്ടുകൾ മുമ്പേയുള്ള ആവശ്യമായിരുന്നു. എന്നാൽ അത് യാഥാർത്ഥ്യമാവാൻ ഉമ്മൻ ചാണ്ടി എന്ന ജനകീയ മുഖ്യമന്ത്രി വരേണ്ടി വന്നു.

വർഷങ്ങൾക്ക് മുമ്പ് പറക്കുളത്ത് ആരംഭിക്കാനിരുന്ന എയ്ഡഡ് കോളേജ് സർക്കാരിനേക്കൊണ്ട് അനുവദിപ്പിക്കുക എന്നതായിരുന്നു ബൽറാമിൻ്റെ ആദ്യ ശ്രമം. എന്നാൽ അതുമായി ബന്ധപ്പെട്ട സംഘടനയുടെ നേതൃത്വം ആ ഘട്ടത്തിൽ അതിന് അത്ര താത്പര്യം കാട്ടാതിരുന്നത് കൊണ്ട് സർക്കാർ കോളേജ് തന്നെ വേണമെന്ന ആവശ്യമുന്നയിച്ചാണ് മുഖ്യമന്ത്രിയുടെ മുന്നിലെത്തിയത്.

 കാര്യങ്ങൾ വിശദമായി ചോദിച്ചറിഞ്ഞ അദ്ദേഹം ആദ്യമന്വേഷിച്ചത് കോളേജിനാവശ്യമായ സ്ഥലമുണ്ടോ എന്നതാണ്. സ്ഥലം എങ്ങനെയെങ്കിലും കണ്ടെത്തിയാൽ ബാക്കി താൻ നോക്കിക്കോളാം എന്നായിരുന്നു അദ്ദേഹത്തിന്റെ ഉറപ്പ്. അതിനേത്തുടർന്ന് നടത്തിയ പരിശ്രമങ്ങൾക്കൊടുവിലാണ് കൂറ്റനാട്ടെ പൊതുകാര്യ പ്രസക്തനായ ശ്രീ.കെ.എം.മുഹമ്മദ് കോളേജിനായി അഞ്ചേക്കർ സ്ഥലം സൗജന്യമായി നൽകാൻ മുന്നോട്ടുവന്നതും 2013ൽ തൃത്താല ഗവൺമെന്റ് കോളേജ് പിറവിയെടുക്കുന്നതും.

കോളേജുകൾ നിലവിലില്ലാത്ത മുഴുവൻ നിയോജക മണ്ഡലങ്ങൾക്കും പുതിയ സർക്കാർ കോളേജുകൾ അനുവദിക്കുക എന്ന ഒരു നയം തന്നെ രൂപീകരിക്കാൻ മുഖ്യമന്ത്രി കടന്നുവന്നു. ഒറ്റയടിക്ക് 22ഓളം പുതിയ സർക്കാർ ആർട്ട്സ്& സയൻസ് കോളേജുകളാണ് ഇങ്ങനെ കേരളത്തിൽ അനുവദിക്കപ്പെട്ടത്.

പൊതുമേഖലയിൽ നിന്ന് സർക്കാരുകൾ പിൻമാറുന്നു എന്ന ആക്ഷേപത്തിനുള്ള കൃത്യമായ മറുപടിയായിരുന്നു കേരളത്തിലുടനീളം ഉയർന്നുവന്ന ഈ പുതിയ സർക്കാർ കലാലയങ്ങൾ.

പറക്കുളത്തെ എയ്ഡഡ് കോളേജിനുവേണ്ടി എൻഎസ്എസ് നേതൃത്വം പിന്നീട് തയ്യാറായി കടന്നുവന്നപ്പോൾ അതിനും അനുമതി നൽകിയത് ഉമ്മൻ ചാണ്ടി സർക്കാർ തന്നെയാണ്. അങ്ങനെ ഒരു കോളേജിന് വേണ്ടി നാല് പതിറ്റാണ്ട് കാത്തിരുന്ന തൃത്താലക്ക് അഞ്ച് വർഷത്തിനുള്ളിൽ രണ്ട് കോളേജുകൾ സമ്മാനിച്ച ഭരണാധികാരിയായി ഉമ്മൻ ചാണ്ടി.

പട്ടാമ്പി താലൂക്കിന്റെ സൃഷ്ടാവും ഉമ്മൻ ചാണ്ടി തന്നെയാണ്. മുൻപ് മുഖ്യമന്ത്രിമാരേയും റവന്യൂ വകുപ്പ് മന്ത്രിമാരേയുമൊക്കെ വിജയിപ്പിച്ച മണ്ഡലമാണ് പട്ടാമ്പി. പക്ഷേ അന്നൊന്നും നമ്മുടെ ന്യായമായ അവകാശമായ താലൂക്ക് അനുവദിക്കപ്പെട്ടിരുന്നില്ല. സി.പി.മുഹമ്മദ് എംഎൽഎയായത് മുതൽ താലൂക്കിനായി നടത്തിയ പരിശ്രമങ്ങൾ ഫലപ്രാപ്തിയിലെത്താനും മുഖ്യമന്ത്രിയായി ഉമ്മൻ ചാണ്ടി തന്നെ വരേണ്ടി വന്നു.

കൂട്ടക്കടവ് റഗുലേറ്റർ നിർമ്മാണോദ്ഘാടനത്തിനും തൃത്താല കോളേജ് ശിലാസ്ഥാപനത്തിനും വെള്ളിയാങ്കല്ല് പൈതൃക പാർക്ക് ഉദ്ഘാടനത്തിനും മറ്റുമായി നിരവധി തവണ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തൃത്താല മണ്ഡലത്തിലെത്തിയിരുന്നു.ഓരോ തവണയും നാടിനായി പുതിയ പദ്ധതികളും അദ്ദേഹത്തിന്റെ വകയായി അനുവദിക്കപ്പെട്ടിരുന്നു.

ഉമ്മൻചാണ്ടി എന്ന പ്രഗത്ഭനായ ഭരണാധികാരിയും ജനകീയനായ രാഷ്ട്രീയ നേതാവും വിടവാങ്ങുമ്പോൾ ആ നഷ്ടം  തൃത്താലയടക്കം കേരളത്തിലെ ഓരോ പ്രദേശത്തിന്റേയുമാണ്.

കാരണം, കേരളവും അതിലെ മൂന്നര കോടി ജനങ്ങളുമാണ് ഉമ്മൻചാണ്ടി എന്ന നേതാവിന്റെ ജീവിതവും രാഷ്ട്രീയവും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button