തൂണിലൊതുങ്ങി ഒളമ്പക്കടവ് പാലം


എടപ്പാൾ: എടപ്പാൾ-മാറഞ്ചേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കാനായി നിർമാണമാരംഭിച്ച ഒളമ്പക്കടവ് പാലം നാലുവർഷം കഴിഞ്ഞിട്ടും തൂണിലൊതുങ്ങി. 2018-ൽ അന്നത്തെ നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണനും മന്ത്രി കെ.ടി. ജലീലും ഉത്സവച്ഛായയിൽ നിർമാണോദ്ഘാടനം നിർവഹിച്ച പാലമാണ് ഇന്നും എങ്ങുമെത്താതെ കിടക്കുന്നത്.
എടപ്പാൾ മേൽപ്പാലത്തിന്റെയും ഒളമ്പക്കടവ് പാലത്തിന്റെയും നിർമാണോദ്ഘാടനം ഒരേദിവസമാണ് നടന്നത്. മേൽപ്പാലം ഉദ്ഘാടനംചെയ്ത് ഒരു വർഷമാവാറായിട്ടും ഒളമ്പക്കടവിലെ നിർമാണം എങ്ങുമെത്തിയില്ലെന്നതാണ് ജനങ്ങളിൽ പ്രതിഷേധമുണ്ടാക്കുന്നത്.
എടപ്പാളിൽനിന്ന് മാറഞ്ചേരി വഴി പുത്തൻപള്ളി, ഗുരുവായൂർ എന്നിവിടങ്ങളിലേക്കെല്ലാം എളുപ്പമാർഗത്തിൽ കോൾമേഖല വഴി എത്തിച്ചേരാൻ പാലം വന്നാൽ സാധിക്കുമായിരുന്നു.
28 കോടി രൂപ ചെലവിൽ നിർമിക്കാൻ തീരുമാനിച്ച പാലം എറണാകുളത്തുള്ള മേരിമാത കമ്പനിയാണ് കരാറെടുത്തത്. ആദ്യഘട്ടം പണി ദ്രുതഗതിയിൽ നടന്നെങ്കിലും പിന്നീട് നിർമാണച്ചെലവ് വർധിച്ചതും രണ്ടാംഗഡു പണം കൃത്യമായി ലഭിക്കാനുണ്ടായ കാലതാമസവുംമൂലം കമ്പനി പ്രവൃത്തി ഉപേക്ഷിച്ചുപോവുകയായിരുന്നു.
പുതിയ കമ്പനിയെ കണ്ടെത്തി നിർമാണം പുനരാരംഭിക്കാൻ ശ്രമം നടത്തുന്നുണ്ടെന്നാണ് എം.എൽ.എ. പറയുന്നത്.

ഒളമ്പക്കടവ് പാലം നിർമാണം പൂർത്തിയാക്കണം -ബി.ജെ.പി.
എടപ്പാൾ: വർഷങ്ങൾ കഴിഞ്ഞിട്ടും പണി പൂർത്തിയാവാതെ കിടക്കുന്ന ഒളമ്പക്കടവ് പാലം ഉടൻ നിർമാണം.പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. പ്രതിഷേധ ധർണ നടത്തി. സംസ്ഥാന സമിതിയംഗം കെ.കെ. സുരേന്ദ്രൻ ഉദ്ഘാടനംചെയ്തു. പണി ആരംഭിക്കാത്ത പക്ഷം ശക്തമായ പ്രക്ഷോഭപരിപാടികളാരംഭിക്കുമെന്ന് കെ.കെ. സുരേന്ദ്രൻ പറഞ്ഞു. എടപ്പാൾ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വിവേകാനന്ദൻ കോലത്ത് അധ്യക്ഷനായി.
കെ.പി. സുബ്രഹ്മണ്യൻ, എം. നടരാജൻ, പ്രേമ മണികണ്ഠൻ, പ്രദീപ് കുട്ടത്ത്, ബാബു പള്ളിക്കര, പി. ജയൻ എന്നിവർ പ്രസംഗിച്ചു
