KERALA

തുടര്‍ച്ചയായി റേഷന്‍ വാങ്ങിയില്ല; 59,035 കുടുംബങ്ങളുടെ റേഷന്‍ കാര്‍ഡുകള്‍ മാറ്റി

തിരുവനന്തപുരം: തുടര്‍ച്ചയായി മൂന്ന് മാസമോ അതിലധികമോ റേഷന്‍ വാങ്ങാത്ത 59,035 കുടുംബങ്ങളുടെ റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനേതര നോണ്‍ സബ്‍സിഡി വിഭാഗത്തിലേക്ക് (എന്‍പിഎന്‍എസ്) മാറ്റി. പൊതുവിതരണ വകുപ്പിന്റെ വെബ്‍സൈറ്റില്‍ ഇത് സംബന്ധിച്ച വിശദമായ കണക്കുകളും വിവരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. നടപടിയില്‍ പരാതിയുള്ളവര്‍ക്ക് താലൂക്ക് സപ്ലെ ഓഫീസര്‍മാര്‍ക്ക് പരാതി നല്‍കാം. ഇതിന്മേല്‍ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി പരിശോധന നടത്തിയ ശേഷമായിരിക്കും തീരുമാനം എടുക്കുക.മുന്‍ഗണനാ വിഭാഗത്തില്‍ നിന്ന് 48,523 കാര്‍ഡുകളും എഎവൈ വിഭാഗത്തില്‍ നിന്ന് 6247 കാര്‍ഡുകളും എന്‍പിഎസ് വിഭാഗത്തില്‍ നിന്ന് 4265 കാര്‍ഡുകളുമാണ് എന്‍പിഎന്‍എസ് വിഭാഗത്തിലേക്ക് മാറ്റിയിരിക്കുന്നത്. ഇവയുടെ ജില്ല തിരിച്ചും താലൂക്ക് സപ്ലെ ഓഫീസുകള്‍ തിരിച്ചുമുള്ള കണക്കുകള്‍ വെബ്‍സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതില്‍ നിന്ന് ഓരോ വിഭാഗത്തിലെയും കാര്‍ഡ് ഉടമകളുടെ പേരും കാര്‍ഡ് നമ്പറും പരിശോധിക്കാം. ഏതൊക്കെ മാസം മുതല്‍ എപ്പോള്‍ വരെയാണ് റേഷന്‍ വാങ്ങാതിരുന്നതെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ കാര്‍ഡ് എന്‍പിഎന്‍എസ് വിഭാഗത്തിലേക്ക് മാറ്റപ്പെട്ട തീയ്യതിയും വെബ്‍സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍ഗണനാ വിഭാഗത്തില്‍ നിന്ന് ഏറ്റവുമധികം പേര്‍ പുറത്തായത് എറണാകുളം ജില്ലയിലും (7424 കാര്‍ഡുകള്‍) എഎവൈ വിഭാഗത്തില്‍ നിന്ന് കൂടുതല്‍ പേരെ വെള്ള കാര്‍ഡിലേക്ക് മാറ്റിയത് തിരുവനന്തപുരം ജില്ലയിലുമാണ് (858 കാര്‍ഡുകള്‍). സബ്‍സിഡി ഇതര വിഭാഗത്തില്‍ നിന്ന് (നീല കാര്‍ഡ്) ഏറ്റവും കൂടുതല്‍ പേരെ വെള്ള കാര്‍ഡിലേക്ക് മാറ്റിയത് ആലപ്പുഴ ജില്ലയിലാണെന്നും (975 കാര്‍ഡുകള്‍) കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ പുറത്താക്കപ്പെട്ടവര്‍ക്ക് പകരം മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടാന്‍ അര്‍ഹയുള്ള നീല, വെള്ള കാര്‍ഡ് ഉടമകളില്‍ നിന്ന് അപേക്ഷ സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം. ഇതിന് ഈ മാസം 18 മുതല്‍ അപേക്ഷ ക്ഷണിക്കും. അര്‍ഹതയുള്ളവര്‍ അപേക്ഷയോടൊപ്പം ബന്ധപ്പെട്ട രേഖകള്‍ കൂടി സമര്‍പ്പിക്കണം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button