PUBLIC INFORMATION

തീരമൈത്രി: തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിന് അപേക്ഷിക്കാം

സംസ്ഥാന ഫിഷറീസ് വകുപ്പിന് കീഴിലുള്ള സൊസൈറ്റി ഫോര്‍ അസിസ്റ്റന്റ്‌സ് ടു ഫിഷര്‍വിമെന്‍ (സാഫ്) മുഖാന്തിരം തീരമൈത്രി പദ്ധതിയുടെ കീഴില്‍ തൊഴില്‍ യൂണിറ്റുകള്‍ തുടങ്ങുന്നതിന് തീരദേശ/ ഉള്‍നാടന്‍ മല്‍സ്യത്തൊഴിലാളി കുടുംബത്തിലെ വനിതകള്‍ അടങ്ങുന്ന ഗ്രൂപ്പുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സൂക്ഷ്മ തൊഴില്‍ സംരംഭങ്ങളുടെയും (ഡി.എം.ഇ)/കൂട്ടുത്തരവാദിത്വ സംഘങ്ങളുടെയും (ജെ.എല്‍.ജി) യൂണിറ്റുകള്‍ തുടങ്ങുന്നതിനാണ് അപേക്ഷ ക്ഷണിച്ചത്. ഡി.എം.ഇ യൂണിറ്റുകളിലേക്ക് മല്‍സ്യത്തൊഴിലാളി കുടുംബ രജിസ്റ്ററില്‍ (എഫ്.ഐ.എം.എസ്) അംഗത്വമുളള 20 നും 50 നും ഇടയില്‍ പ്രായമുളള രണ്ടു മുതല്‍ അഞ്ച് വരെ അംഗങ്ങളടങ്ങുന്ന ഗ്രൂപ്പായിട്ടാണ് അപേക്ഷിക്കേണ്ടത്. ജെ.എല്‍.ജി യൂണിറ്റ് തുടങ്ങുന്നതിന് അഞ്ച് പേര്‍ അടങ്ങുന്ന ഗ്രൂപ്പായിട്ടാണ് അപേക്ഷിക്കേണ്ടത്. മല്‍സ്യവിപണനം നടത്തുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന സ്ത്രീകളാണ് ജെ.എല്‍.ജി യൂണിറ്റിനായി അപേക്ഷിക്കേണ്ടത്. പ്രകൃതി ദുരന്തങ്ങള്‍ക്ക് നേരിട്ട് ഇരയായവര്‍, മാറാരോഗങ്ങള്‍ ബാധിച്ച കുടുംബത്തിലെ വനിതകള്‍, ട്രാന്‍സ്ജന്‍ഡേഴ്‌സ്, വിധവകള്‍, തീരനൈപുണ്യ കോഴ്‌സില്‍ പങ്കെടുത്ത കുട്ടികള്‍, ഇരുപതിനും നാല്‍പ്പതിനും ഇടയില്‍ പ്രായമുളളവര്‍ എന്നിവര്‍ക്ക് മുന്‍ഗണന ലഭിക്കും. സാഫില്‍ നിന്നും ഒരു തവണ ധനസഹായം കൈപ്പറ്റിയവര്‍ക്ക് അപേക്ഷിക്കാനാകില്ല.

     പദ്ധതി തുകയുടെ 75% ഗ്രാന്റും 20% ബാങ്ക് വായ്പയും 5% ഗുണഭോക്തൃവിഹിതവും അടങ്ങുന്നതാണ് പദ്ധതി. ഒരംഗത്തിന് പരമാവധി ഒരു ലക്ഷം രൂപ നിരക്കില്‍ അഞ്ച് പേര്‍ അടങ്ങുന്ന ഗ്രൂപ്പിന് പരമാവധി അഞ്ച് ലക്ഷം രൂപ വരെ തിരിച്ചടക്കാത്ത ഗ്രാന്റ് ആയി ലഭിക്കും. ഡ്രൈഫിഷ് യൂണിറ്റുകള്‍, ഹോട്ടല്‍ ആന്റ് കാറ്ററിങ്, ഫിഷ് ബൂത്ത്, ഫ്‌ളോര്‍ മില്‍, ഹൗസ് കീപ്പിങ്, ഐ.ടി അനുബന്ധ സ്ഥാപനങ്ങള്‍, ടൈലറിങ് ആന്റ് ഗാര്‍മെന്റ്‌സ് യൂണിറ്റുകള്‍, മിനി സൂപ്പര്‍മാര്‍ക്കറ്റുകള്‍, പ്രൊവിഷന്‍ സ്റ്റോറുകള്‍, ട്യൂഷന്‍ സെന്റര്‍, കമ്പ്യൂട്ടര്‍ ഡി.ടി.പി സെന്റര്‍, ലാബ് ആന്റ് മെഡിക്കല്‍ സ്റ്റോര്‍, ഫുഡ് ആന്റ് ഫുഡ് പ്രൊസസ്സിങ് മുതലായവയും പ്രാദേശിക സാധ്യതയുളള യൂണിറ്റുകളും പദ്ധതി വഴി ആരംഭിക്കാം.

       അപേക്ഷകള്‍ പരപ്പനങ്ങാടി, താനൂര്‍, പുറത്തൂര്‍, വെട്ടം, പൊന്നാനി മല്‍സ്യഭവനുകളില്‍ നിന്നും സാഫിന്റെ ഉണ്യാലിലുള്ള നോഡല്‍ ഓഫീസില്‍ നിന്നും പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ നിന്നും ജൂലൈ 20  മുതല്‍ വിതരണം ചെയ്യും. പൂരിപ്പിച്ച അപേക്ഷകള്‍, അപേക്ഷകരുടെ ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ഫിഷര്‍മെന്‍ ക്ഷേമനിധി പാസ്സ്ബുക്ക്, മുന്‍ഗണനാ സര്‍ട്ടിഫിക്കറ്റുകള്‍, വിദ്യഭ്യാസ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ പകര്‍പ്പ് സഹിതം ആഗസ്റ്റ് 10 നകം ബന്ധപ്പെട്ട മല്‍സ്യഭവനുകളില്‍ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9895711238, 8606113008, 0494 2666428.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button