KERALA

തീരദേശപാത കേരളത്തിൻ്റെ പശ്ചാത്തല വികസനത്തിൽ നാഴികക്കല്ലാകും – മന്ത്രി മുഹമ്മദ് റിയാസ്

സംസ്ഥാനത്തെ ഒൻപത് ജില്ലകളിലൂടെ കടന്നു പോകുന്ന തീരദേശ ഹൈവേ നിർമ്മാണം പൂർത്തിയാകുന്നതോട് കൂടി കേരളത്തിൻ്റെ പശ്ചാത്തല വികസനത്തിലും തീരദേശത്തിൻ്റെ വികസനത്തിലും നാഴികക്കല്ലാകുമെന്ന് പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.
തീരദേശ പാത വികസനത്തിൽ സംസ്ഥാനത്ത് ആദ്യമായി നിർമാണം പൂർത്തീകരിച്ച താനൂർ മുഹ്‌യുദ്ധീൻ പള്ളി മുതൽ കെട്ടുങ്ങൽ പാലം വരെയുള്ള 3.85 കിലോമീറ്റർ നീളം റോഡിന്റെയും 1.5 കോടി രൂപ ചെലവിൽ പൊതുമരാമത്തു റോഡ്സ് വിഭാഗം 1.7 കിലോമീറ്റർ നീളത്തിൽ പണി പൂർത്തീകരിച്ച താനൂർ -പൂരപ്പുഴ ടിപ്പുസുൽത്താൻ റോഡിന്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കായിക – ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

മുഹ്‌യുദ്ധീൻ പള്ളി മുതൽ കെട്ടുങ്ങൽ പാലം വരെയുള്ള 3.85 കിലോമീറ്റർ തീരദേശ ഹൈവേ താനൂർ മണ്ഡലത്തിലൂടെയാണ് കടന്നു പോകുന്നത്. 15.6 മീറ്റർ വീതിയുള്ള റോഡിൽ ഏഴു മീറ്റർ വീതിയിൽ കാര്യേജ് വേ, 1.5 മീറ്റർ വീതം ഇരുവശങ്ങളിൽ നടപ്പാത, 2.5 മീറ്റർ വീതിയിൽ സൈക്കിൾ ട്രാക്ക്, 1.55 മീറ്റർ വശങ്ങളിൽ വെള്ളച്ചാൽ എന്നിവയുണ്ട്. കിഫ്‌ബി മാനദണ്ഡങ്ങൾ അനുസരിച്ച് സുരക്ഷാ റോഡ് മാർക്കിങ്ങുകൾ, സ്റ്റഡുകൾ, റിഫ്ലക്റ്റിങ് ടൈലുകൾ, ആധുനിക രീതിയിലുള്ള ബസ് ഷെൽട്ടറുകൾ, ദിശ ബോർഡുകൾ, സ്ഥലനാമ ബോർഡുകൾ എന്നിവയും സജീകരിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങളുടെ മാതൃകയിൽ സൈക്കിൾ ട്രാക്ക് സഹിതമുള്ള റോഡ് നമുക്ക് പുത്തൻ അനുഭവമാണെന്ന് മന്ത്രി റിയാസ് പറഞ്ഞു.

താനൂർ തൂവൽ തീരത്തിന് സമീപം ഒരുക്കിയ ഉദ്ഘാടന പരിപാടിയിൽ താനൂർ നഗരസഭ ചെയർമാൻ റഷീദ് മോര്യ, താനൂർ നഗരസഭ ക്ഷേമkകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഫാത്തിമ, താനൂർ നഗരസഭ ആരോഗ്യ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അലി അക്ബർ, കെ ആർ എഫ് ബി പി എം യു നോർത്ത് സർക്കിൾ ടീം ലീഡർ എസ്. ദീപു എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button