തിരൂരങ്ങാടി സബ് രജിസ്ട്രാർ ഓഫിസ് പുതുമോടിയിൽ
തിരൂരങ്ങാടി: മലബാർ സ്വാതന്ത്രസമരത്തിന്റെയും കൊളോണിയൽ അധിനിവേശ കാലഘട്ടത്തിന്റെ ചരിത്രവും ഉറങ്ങുന്ന തിരൂരങ്ങാടിയിലെ സബ് രജിസ്ട്രാർ ഓഫീസിന്റെ ശാസ്ത്രീയ സംരക്ഷണ പ്രവർത്തികൾ പൂർത്തിയായി. സബ് രജിസ്ട്രാർ ഓഫീസിന്റെയും മലപ്പുറം ജില്ലാ പൈതൃക മന്ദിരമായ ഹജൂർ കച്ചേരിയുടെയും സജ്ജീകരണ ഉദ്ഘാടനം വെള്ളിയാഴ്ച വൈകുന്നേരം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിക്കും. നാലു കോടി രൂപ മതിപ്പ് ചെലവ് പ്രതീക്ഷിക്കുന്ന ജില്ലാ പൈതൃകം മ്യൂസിയം ജില്ലയുടെ കാർഷിക, സാംസ്കാരിക, രാഷ്ട്രീയ, ഭൂമിശാസ്ത്ര ജീവിതങ്ങളുടെ നാൾവഴികളും ബ്രിട്ടീഷ് കൊളോണിയൽ വിരുദ്ധ പോരാട്ടത്തിന്റെ ത്യാഗോജ്ജ്വലസ്മരണകളും തലമുറകൾക്ക് പകരുന്നതാവും. മ്യൂസിയം സജ്ജീകരണത്തിന് മുന്നോടിയായി സംരക്ഷസ്മാരകമായ ഹജൂർ കച്ചേരി മന്ദിരത്തിന്റെ സമഗ്ര സംരക്ഷണ പ്രവർത്തനങ്ങൾക്ക് 58 ലക്ഷം രൂപയാണ് സംസ്ഥാന പുരാവസ്തു വകുപ്പ് ചെലവഴിച്ചത്. 1792 കാലഘട്ടത്തിൽ മലബാറിൽ കോളനി ഭരണം സംയോജിപ്പിക്കാൻ ബ്രിട്ടീഷുകാർ നിർമ്മിച്ചതായിരുന്നു ഹജൂർ കച്ചേരി. അന്ന് ബംഗ്ലാവ് ആയി പ്രവർത്തിച്ചിരുന്ന കെട്ടിടവും നിലവിൽ തിരൂരങ്ങാടി സബ് രജിസ്ട്രാർ ഓഫീസായി പ്രവർത്തിക്കുന്ന കെട്ടിടവും ഹജൂർ കച്ചേരിയും 2013ൽ സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചിരുന്നു. കാലങ്ങളായി ഇതിന്റെയെല്ലാം പ്രവർത്തി ഇഴഞ്ഞു നീങ്ങുകയായിരുന്നു. വെള്ളിയാഴ്ച നടക്കുന്ന ചടങ്ങിൽ എടി മുഹമ്മദ് ബഷീർ എം.പി, കെ.പി.എ മജീദ് എംഎൽഎ, തുടങ്ങിയവരും പങ്കെടുക്കും.