തിരൂരങ്ങാടി താലൂക്ക് ആശുപത്രി നവീകരണം ഇഴഞ്ഞുതന്നെ


തിരൂരങ്ങാടി: രണ്ടു വർഷം മുമ്പ് ശിലാസ്ഥാപനം നിർവഹിച്ച തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ കാഷ്വാലിറ്റി കോപ്ലക്സിന്റെ നിർമാണം ഇഴയുന്നു. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് അനുവദിച്ച കാഷ്വാലിറ്റി കോപ്ലക്സിന്റെ നിർമാണമാണ് സ്ഥലസൗകര്യം ഒരുക്കിനൽകാത്തതിനാൽ പ്രവൃത്തി തുടങ്ങാനാവാതെ മുടങ്ങിക്കിടക്കുന്നത്.
എക്സ്റേ, ഡയാലിസിസ് യൂനിറ്റുകൾ പ്രവർത്തിക്കുന്ന പഴയ കെട്ടിടം പൊളിച്ച് ഇവിടെയാണ് പുതിയ കോംപ്ലക്സ് നിർമിക്കാൻ തീരുമാനിച്ചിരുന്നത്. ഇതിനെ തുടർന്ന് കഴിഞ്ഞ സർക്കാറിന്റെ അവസാന കാലത്ത് മുഖ്യമന്ത്രി കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഓൺലൈൻ വഴി നിർവഹിച്ചിരുന്നു. എന്നാൽ, രണ്ടു വർഷമായിട്ടും കെട്ടിടം പൊളിച്ചുമാറ്റി നിർമാണത്തിന് സൗകര്യം ഒരുക്കി നൽകിയിട്ടില്ല. എക്സ്റേ ഇപ്പോൾ ലാബ് പ്രവർത്തിക്കുന്ന കെട്ടിടത്തിലേക്കും ഡയാലിസിസ് യൂനിറ്റ് ഓപറേഷൻ തിയറ്റർ കോംപ്ലക്സിലേക്കും മാറ്റാനായിരുന്നു തീരുമാനം. ഈ മാറ്റങ്ങൾ വരുത്താത്തതാണ് പ്രവൃത്തി ഇഴഞ്ഞുനീങ്ങാൻ കാരണമായത്.
13 കോടി രൂപയോളമാണ് പുതിയ കെട്ടിടം നിർമിക്കാനായി കിഫ്ബിയിൽനിന്ന് അനുവദിച്ചത്. എന്നാൽ, പഴയ കെട്ടിടം പൊളിച്ചുമാറ്റി കൊടുക്കാൻ വൈകുന്നതിനനുസരിച്ചു പുതിയ കെട്ടിടത്തിന്റെ പ്രവൃത്തികൾ വൈകുകയാണ്. നിലവിലെ ഡയാലിസിസ് യൂനിറ്റ് പുതിയ സ്ഥലത്തേക്ക് ഉടൻ മാറ്റുമെന്നും ഇതോടെ പുതിയ കെട്ടിടത്തിന്റെ പ്രവൃത്തി ആരംഭിക്കാനാകുമെന്നും തിരൂരങ്ങാടി നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ സി.പി. ഇസ്മായിൽ അറിയിച്ചു.
