Local newsMALAPPURAM

തിരൂർ നഗരസഭ സമ്പൂർണ മാലിന്യമുക്ത നഗരമാകുന്നു

തിരൂർ: നഗരസഭ സമ്പൂർണ മാലിന്യമുക്ത നഗരമാക്കുന്നതിന്റെ നടപടികൾ ഊർജിതമാക്കി. 2024 ജൂണോടുകൂടി തിരൂരിനെ മാലിന്യമുക്ത നഗരമാക്കി പ്രഖ്യാപിക്കും.

പദ്ധതിക്ക്‌ തുടക്കംകുറിച്ച് നഗരസഭ ഹരിതസഭ ചേർന്നിരുന്നു. വിവിധ വർക്കിങ് ഗ്രൂപ്പുകൾ പ്രശ്‌നങ്ങൾ ചർച്ചചെയ്തു. നഗരത്തിലെ വീടുകളിലും സ്ഥാപനങ്ങളിലും ഉറവിട മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾ കുറ്റമറ്റതാണോയെന്നും നിയമലംഘനങ്ങൾ നടക്കുന്നുണ്ടോയെന്നും കണ്ടെത്തുന്നതിനായി നടത്തുന്ന പരിശോധനയുടെ ഭാഗമായി ചോദ്യാവലി നൽകി വിവരശേഖരണം തുടങ്ങി.തിരൂർ എസ്.എസ്.എം. പോളിടെക്നിക് എൻ.എസ്.എസ്. യൂണിറ്റുമായി സഹകരിച്ചാണ് സർവേ. ഈ സാമ്പിൾ സർവേ റിപ്പോർട്ട് ഈ മാസം 18-ന് ചേരുന്ന മുനിസിപ്പൽതല കമ്മിറ്റി ചർച്ചചെയ്യും.

നഗരസഭയിലെ 12,000 വീടുകൾക്ക് ഉറവിട മാലിന്യ സംസ്‌കരണത്തിന് ബയോബിൻ, റിങ് കമ്പോസ്റ്റ് എന്നിവ നൽകും. പൊതുസ്ഥലങ്ങളിലെ മാലിന്യ സംസ്‌കരണത്തിന് സംവിധാനം ഏർപ്പെടുത്തും. പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹരിത കർമസേനയാണ് യൂസർ ഫീ വാങ്ങി ശേഖരിച്ചുവരുന്നത്.മാലിന്യങ്ങൾ വലിച്ചെറിയുന്നത് തടയാൻ പുഴയോരങ്ങളിലും വിവിധ ഭാഗങ്ങളിലും സി.സി.ടി.വി.കളും സ്ഥാപിക്കും.

സാമ്പിൾ സർവേ തിരൂർ നഗരസഭാധ്യക്ഷ എ.പി. നസീമ ഉദ്ഘാടനംചെയ്തു. ഫാത്തിമത്ത് സജ്ന അധ്യക്ഷതവഹിച്ചു പോളിടെക്നിക് പ്രിൻസിപ്പൽ ലത്തീഫ് മുഖ്യാതിഥിയായി.കൗൺസിലർ ഷാനവാസ്, പി.കെ.കെ. തങ്ങൾ, പ്രോഗ്രാം ഓഫീസർമാരായ അൻവർ, മുംതാസ്, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ രഞ്ജിത്ത്, സിനിൽ, ശ്യാം, സജീത, പോളിടെക്നിക് സൂപ്രണ്ട് അബ്ബാസ് കുന്നത്ത് എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button