MALAPPURAM

തിരൂരിൽ ഓട്ടോക്കാരും കച്ചവടക്കാരും തമ്മിൽ സംഘർഷം

മലപ്പുറം തിരൂരിൽ ഓട്ടോക്കാരും കച്ചവടക്കാരും തമ്മിൽ വൻ സംഘർഷം. വാഹന പാർക്കിങ്ങുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് വസ്ത്ര വ്യാപാര ശാല ഓട്ടോറിക്ഷ ജീവനക്കാർ അടിച്ചു തകർത്തു. സംഘർഷത്തിൽ പരിക്കേറ്റ ഒരു ഓട്ടോ ഡ്രൈവറേയും വസ്ത്ര വ്യാപാരശാല ഉടമയേയും ജീവനക്കാരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് തിരൂരിൽ ഓട്ടോ ഡ്രൈവർമാർ മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്.

സ്മൈയിൽ റെഡിമെയ്ഡ് ഷോപ്പിന് മുന്നിൽ ഓട്ടോ പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ടാണ് തർക്കങ്ങൾ തുടക്കമാകുന്നത്. കടയുടെ മുന്നിൽ നിന്ന് ഓട്ടോ മാറ്റി പാർക്ക് ചെയ്യാൻ കടയിലെ ജീവനക്കാർ ആവശ്യപ്പെട്ടതിൽ പ്രകോപിതനായ ഓട്ടോ ഡ്രൈവർ തർക്കത്തിൽ ഏർപ്പെടുകയായിരുന്നു. തർക്കം രൂക്ഷമായതോടെ പൊലീസ് സ്ഥലത്തെത്തി സംസാരിച്ച് പ്രശ്നം പരിഹരിച്ച് ഓട്ടോ ഡ്രൈവറെ അടക്കം മടക്കി അയച്ചു.

എന്നാൽ കുറച്ച് സമയത്തിന് ശേഷം സംഘടിച്ചെത്തിയ ഓട്ടോഡ്രൈവർമാർ കട അടിച്ചു തകർക്കുകയായിരുന്നു.  10 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് കടയുടമ ആരോപിച്ചു. സംഘർഷത്തിൽ ഓട്ടോ ഡ്രൈവറുടെ ചുണ്ടിനും കൈക്കും പരിക്കേറ്റിട്ടുണ്ട്. കൂടാതെ പരിക്കേറ്റ കടയുടമയേയും ജീവനക്കാരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഘർഷത്തെ തുടർന്ന് മിന്നൽപണിമുടക്ക് പ്രഖ്യാപിച്ച ഓട്ടോഡ്രൈവർമാർ ന​ഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. വ്യാപാരികളും ഓട്ടോഡ്രൈവർമാർക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധ പ്രകടനം നടത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button