തിരൂരിൽ അനധികൃത പാർക്കിങ്ങിന് പിഴ
തിരൂർ : നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ റോഡരികിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്ക് പൊലീസ് പിഴ ചുമത്തിത്തുടങ്ങി. സെൻട്രൽ ജംക്ഷനിലെ രൂക്ഷമായ കുരുക്കിനു കാരണമാകുന്ന പാർക്കിങ്ങിനാണ് ആദ്യദിനം പിഴ ചുമത്തിയത്. ഇവിടെ റെയിൽവേ മേൽപാലത്തിലേക്കു പോകുന്ന ഭാഗത്ത് റോഡരികിൽ നിർത്തിയിട്ടിരുന്ന ഇരുപതോളം ബൈക്കുകൾക്കാണ് പിഴ കിട്ടിയത്. സെൻട്രൽ ജംക്ഷനിൽനിന്ന് താഴേപ്പാലം വരെ രൂക്ഷമായ ഗതാഗതക്കുരുക്കാണ് പലപ്പോഴും ഉണ്ടാകുന്നത്.അനധികൃത പാർക്കിങ് ഇതിനൊരു കാരണമാണ്. ഇത് ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന ട്രാഫിക് റഗുലേറ്ററി കമ്മിറ്റി പൊലീസിനു നിർദേശം നൽകിയിരുന്നു. ഇവിടെ മറ്റൊരു സമാന്തര പാലത്തിന്റെ നിർമാണം നടക്കുന്നതും നിലവിലെ പാലത്തിലും അപ്രോച്ച് റോഡിലും കുഴികൾ രൂപപ്പെട്ടതും കുരുക്കിനു കാരണമാണ്. പാലത്തിന്റെ നിർമാണം നവംബറിൽ പൂർത്തിയാക്കുമെന്ന് മരാമത്ത് വിഭാഗം അറിയിച്ചു. കുഴികൾ എത്രയും പെട്ടെന്ന് അടയ്ക്കാൻ മരാമത്ത് വകുപ്പിനു ട്രാഫിക് റഗുലേറ്ററി കമ്മിറ്റി നിർദേശം നൽകി. അടുത്ത ദിവസങ്ങളിലും അനധികൃത പാർക്കിങ്ങിനെതിരെ പൊലീസ് നടപടിയെടുക്കും.