Local newsMALAPPURAM

തിരിച്ചിറക്കിയ വിമാനത്തിൽ രണ്ടര മണിക്കൂർ ആശങ്ക; അനുഭവം വിവരിച്ച് വിമാനത്തിലുണ്ടായിരുന്നയാൾ….

കരിപ്പൂർ : ഒമാൻ എയർവേയ്സിന്റെ മസ്കത്ത് വിമാനം പുറപ്പെട്ട് 20 മിനിറ്റായപ്പോൾ തന്നെ യാത്രക്കാർക്ക് പൈലറ്റിന്റെ നിർദേശമെത്തി. ‘ദൗർഭാഗ്യവശാൽ വിമാനത്തിലെ വെതർ റഡാർ തകരാറിലായതു കാരണം അൽപസമയത്തിനകം തിരിച്ചിറക്കേണ്ടി വന്നിരിക്കുകയാണ്. എന്നാൽ യാത്ര തുടരാനുള്ള സംവിധാനവും ഒരുക്കും’. പക്ഷേ, ഏറെ നേരമായിട്ടും ആകാശത്ത് വട്ടമിട്ടു പറക്കുകയല്ലാതെ നിലത്തിറങ്ങുന്നതു കാണാതായപ്പോൾ ശരിക്കും ഭീതിയിലായെന്ന് വിമാനത്തിന്റെ മുൻവശത്തെ സീറ്റിലിരുന്ന കോഴിക്കോട് കാരപ്പറമ്പ് സ്വദേശി സിമാബ് മഹബൂബ് കാസിം പറഞ്ഞു. ഭാര്യ ജുഹൈമയ്ക്കും 2 മക്കൾക്കുമൊപ്പമായിരുന്നു യാത്ര.സമീപത്തിരുന്ന ഒമാൻ സ്വദേശി കാബിൻ ക്രൂവിനടുത്ത് ചെന്നു കാര്യമന്വേഷിച്ചപ്പോൾ നിലത്തിറക്കും മുൻപ് വിമാനത്തിലെ ഇന്ധനം കുറയ്ക്കേണ്ടതുണ്ടെന്നും അതിനായാണ് വട്ടം ചുറ്റുന്നതെന്നും മറുപടി ലഭിച്ചു. വിമാനം 14,000 അടിയിൽനിന്ന് ഘട്ടംഘട്ടമായി താഴ്ത്തുകയാണെന്നുള്ള സന്ദേശങ്ങളും പിന്നാലെ വന്നു. വീണ്ടും യാത്ര പുറപ്പെടാൻ സമയമെടുക്കുമെന്നും അറിയിച്ചിരുന്നു. നിലത്തിറക്കിയപ്പോഴേക്കും വിമാനത്താവളത്തിൽനിന്നുള്ള ജീവനക്കാരുമെത്തി. യാത്ര സംബന്ധിച്ച ആകുലതകൾ കാരണം ചില യാത്രക്കാർ ക്ഷുഭിതരായെങ്കിലും ക്രൂ എല്ലാവരെയും ആശ്വസിപ്പിച്ചു. 15 മിനിറ്റിനകം എല്ലാവരെയും പുറത്തിറക്കി.

തിരിച്ചുള്ള യാത്രയെക്കുറിച്ച് അറിയിക്കാമെന്നും അതുവരെ ഹോട്ടലിൽ താമസിക്കാമെന്നും ആവശ്യമുള്ളവർക്ക് വീട്ടിൽ പോകാമെന്നും അധികൃതർ അറിയിച്ചു. ടാക്സിയും ഏർപ്പാടാക്കിയിരുന്നു. അങ്ങനെ യാത്ര പുറപ്പെട്ട് മണിക്കൂറുകൾക്കകം വീണ്ടും വീട്ടിലെത്തിയെന്ന് സിമാബ്.3 മണിയോടെയാണ് രാത്രിയിൽ തിരിച്ചുപോകാനുള്ള വിമാനത്തെക്കുറിച്ച് അറിയിപ്പ് കിട്ടിയത്. 6 മണിക്ക് വിമാനത്താവളത്തിലെത്താനായിരുന്നു നിർദേശം. ഒമാനിൽ കുടുംബ ബിസിനസുള്ള സിമാബ് 35 വർഷമായി അവിടെയാണു താമസം. ഇക്കാലത്തിനിടെ ഒട്ടേറെ വിദേശയാത്രകൾ നടത്തിയിട്ടുണ്ടെങ്കിലും ഇത്തരത്തിലൊരു സാങ്കേതികത്തകരാറും തിരിച്ചിറക്കലും ആദ്യ അനുഭവമാണെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button