ഭാരതപ്പുഴയിലെ ചെളിത്തിട്ടകൾ നീക്കണമെന്ന ആവശ്യം ശക്തമാവുന്നു


പൊന്നാനി : ഭാരതപ്പുഴയിലെ ചെളിത്തിട്ടകൾ നീക്കണമെന്ന ആവശ്യം ശക്തമാവുന്നു. തിരൂർ, പൊന്നാനി താലൂക്കുകളിൽ പ്രളയക്കെടുതികൾ രൂക്ഷമായത് ഇത്തരം ചെളിത്തിട്ടകളും പുൽക്കാടും അടങ്ങുന്ന ജൈവിക മാലിന്യം മൂലമാണെന്ന് സർക്കാരിന്റെ പഠനങ്ങൾ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നദികളിൽ അടിഞ്ഞുകിടക്കുന്ന ജൈവികമാലിന്യങ്ങൾ എടുത്തുമാറ്റാൻ തീരുമാനിക്കുകയും ഇറിഗേഷൻ വകുപ്പിനെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ വകുപ്പ് നദീശുദ്ധീകരണത്തിനായി യാതൊരു നടപടിയും സ്വീകരിച്ചില്ല.
ഭാരതപ്പുഴയിൽ തിരുനാവായ മുതൽ പൊന്നാനി അഴിമുഖം വരെ ഏകദേശം 20 കിലോമീറ്റർ ദൂരത്തിൽ നദിയുടെ മധ്യത്തിൽ മണൽതിട്ടകളും പുൽക്കാടുകളും അടിഞ്ഞുകൂടി കിടക്കുകയാണ്. എന്നാൽ ഇത് നീക്കാൻ ശ്രമിക്കാതെ മണൽ വിൽപ്പന നടത്താനുള്ള സർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
വർഷങ്ങൾക്കുമുൻപ് ഭാരതപ്പുഴയിലെ ഇരുകരകളും കേന്ദ്രീകരിച്ച് മണൽ വാരിയതുകൊണ്ടാണ് പുഴയുടെ മധ്യഭാഗം മണൽതിട്ട അടിഞ്ഞുകൂടാൻ കാരണമായതെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. ഇതുകാരണം പുഴയുടെ മധ്യഭാഗത്തുനിന്ന് മണൽ വാരാൻ കോടതി ജില്ലാ ഭരണകൂടത്തിന് നിർദ്ദേശം നൽകിയിരുന്നെങ്കിലും അതും നടപ്പായില്ല.
