തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ വാക്ക് മാറി; അഴുക്കുചാൽ ഭിത്തിയായി.

പൊന്നാനി : മഴക്കാലത്ത് വെള്ളക്കെട്ട് ദുരിതം വിതയ്ക്കുന്ന റോഡിൽ അഴുക്കുചാലിനു പകരം നഗരസഭ പണിതത് കരിങ്കൽ ഭിത്തി. പൊന്നാനി ഓംതൃക്കാവ് റോഡിൽ തിരഞ്ഞെടുപ്പിന് മുൻപ് അരക്കോടി രൂപയുടെ നവീകരണ പദ്ധതി പ്രഖ്യാപിച്ച നഗരസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ മലക്കം മറിഞ്ഞ് 20 ലക്ഷം രൂപയുടെ തട്ടിക്കൂട്ട് നിർമാണമാക്കി മാറ്റി. ഇതിനെതിരെ പ്രതിഷേധം കനക്കുകയാണ്. പുനർനിർമാണത്തിനായി ഏറെക്കാലം കാത്തിരുന്ന നാട്ടുകാർക്ക് വലിയ തിരിച്ചടിയാണുണ്ടായത്.
മഴ വെള്ളം ഒഴുകിപ്പോകാൻ ഒരു സംവിധാനവുമില്ലാതെയാണ് നിർമാണം. മഴവെള്ളം ഒഴുക്കിവിടാൻ ഒരു സംവിധാനവും ഒരുക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ നിർമാണം തടഞ്ഞു. അഴുക്കുചാലില്ലാതെ കരിങ്കൽ ഭിത്തി മാത്രം കെട്ടിയാൽ നാട് വെള്ളത്തിലാകുമെന്ന് നാട്ടുകാർ ആവർത്തിച്ചു പറയുന്നു. രണ്ട് പ്രളയ കാലത്തും വലിയ രീതിയിൽ വെള്ളപ്പൊക്കമുണ്ടായ ഭാഗത്താണ് നഗരസഭ ആർക്കോ വേണ്ടി പദ്ധതി തയാറാക്കി നടപ്പാക്കുന്നത്.
പ്രദേശത്തിന്റെ ഭൗതിക സാഹചര്യം ഉൾക്കൊള്ളാതെ പദ്ധതി തയാറാക്കിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം. തകർന്നടിഞ്ഞ റോഡ് നവീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ നിരന്തരം മുറവിളി കൂട്ടിയതിന്റെ അടിസ്ഥാനത്തിലാണ് പുനർനിർമാണത്തിനായി പദ്ധതി തയാറാക്കിയിരുന്നത്.
