താനൂർ അങ്ങാടിയിലെ കൂനൻ പാലത്തിന്റെ കൈവരി ലോറിയിടിച്ച് തകർന്ന നിലയിൽ
താനൂർ: അങ്ങാടിയിലെ കൂനൻ പാലത്തിന്റെ കല്ലിൽ പണിത കൈവരി ലോറിയിടിച്ച് തകർന്നു. അപകടത്തെ തുടർന്ന് ഇത് വഴിയുള്ള വാഹന ഗതാഗതം മുടങ്ങി. ഉച്ചക്ക് 12.50നാണ് വാഹനമിടിച്ച് പാലത്തിന് തെക്ക് ഭാഗത്തെ ഭിത്തി തകർന്നത്. ഇടിയുടെ ആഘാതത്തിൽ ഒട്ടേറെ ഭാഗങ്ങളിൽ വിള്ളലുണ്ടായി. വടക്ക് ഭാഗത്തെ ഭിത്തി മഴയിൽ ദിവസങ്ങളായി ഇളകിയ നിലയിലാണ്.
അപകടാവസ്ഥയിലായ പാലത്തിലൂടെ വിലക്ക് ലംഘിച്ച് യഥേഷ്ടം ഭാര വാഹനങ്ങൾ കടന്നുപോകുന്നത് പതിവായിരുന്നു. ശേഷവും ഹെവി വാഹനങ്ങൾ കർശനമായി നിയന്ത്രിക്കാൻ അധികൃതർക്ക് സാധിക്കാതിരുന്നതാണ് പാലത്തിന്റെ കൈവരികൾ തകരുന്നതിലേക്ക് നയിച്ചത്. പൊതുമരാമത്ത് വകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. മൂന്ന് മണി മുതൽ ഇത് വഴിയുള്ള വാഹന ഗതാഗതം നിരോധിച്ചു. ഇരുചക്രവാഹനങ്ങൾ മാത്രമാണ് കടത്തിവിടുന്നത്.