MALAPPURAM

താനൂരില്‍ അപകടത്തില്‍പ്പെട്ട ബോട്ടിന് രജിസ്‌ട്രേഷന്‍ ഇല്ല; നടന്നത് ഗുരുതരമായ ചട്ടലംഘനങ്ങളെന്ന് തുറമുഖവകുപ്പ് മന്ത്രി




മലപ്പുറം താനൂരില്‍ 22 പേരുടെ മരണത്തിനിടയാക്കിയ അറ്റ്‌ലാന്റിക് ബോട്ടിന് രജിസ്‌ട്രേഷന്‍ ഉണ്ടായിരുന്നില്ലെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. അപേക്ഷ സമര്‍പ്പിച്ചിരുന്നുവെങ്കിലും രജിസ്‌ട്രേഷന്‍ നല്‍കിയിരുന്നില്ല. പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം ബോട്ട് അധികൃതര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ഇവ പക്ഷേ പാലിക്കപ്പെട്ടിരുന്നില്ലെന്നും മന്ത്രി പറഞ്ഞു.

അനുവദിച്ചതിലും കൂടുതല്‍ ആളുകളെ ബോട്ടില്‍ കയറ്റിയത് ഗുരുതരമായ ചട്ടലംഘനമാണ്. കൂടാതെ രാത്രി ഏഴ് മണിക്ക് ശേഷമാണ് അറ്റ്‌ലാന്റിക് സര്‍വീസ് നടത്തിയത്. സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന എല്ലാ ബോട്ടുകളുടെയും കണക്കെടുപ്പ് നടത്തും. ആകെ 3500 ഉല്ലാസ നൗകകള്‍ക്ക് മാത്രമാണ് കേരളത്തില്‍ രജിസ്‌ട്രേഷന്‍ ഉള്ളത്. രജിസ്‌ട്രേഷനില്ലാത്ത ബോട്ടുകള്‍ പലയിടത്തും സര്‍വീസ് നടത്തുന്നുണ്ട്. അനധികൃതമായി പ്രവര്‍ത്തിക്കുന്നവ കണ്ടെത്തി നടപടി സ്വീകരിക്കും. നിയമവിരുദ്ധമായി സര്‍വീസ് നടത്തുന്ന ബോട്ടുകള്‍ കണ്ടെത്താന്‍ പൊതുജനം സഹായിക്കണമെന്നും മന്ത്രിപറഞ്ഞു.

‘ഓരോ ദുരന്തമുണ്ടാകുമ്പോഴും അതാവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാരിന്റെ എല്ലാ സംവിധാനങ്ങളും സ്വീകരിക്കാറുണ്ട്. പക്ഷേ നടപടികള്‍ക്ക് വേഗത കുറഞ്ഞുപോകുന്നുവെന്നാണ് ഈ അപകടങ്ങളില്‍ നിന്ന് മനസിലാക്കുന്നത്. ബോട്ട് ഓടിക്കുന്നതില്‍ വകുപ്പുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പാലിച്ചിരിക്കണം. രജിസ്‌ട്രേഷന്‍ നടപടികള്‍ മുതല്‍ പൂര്‍ത്തിയാക്കണം. അങ്ങനെ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചിട്ടുണ്ടോ എന്നും പരിശോധിക്കും. ലൈഫ് ജാക്കറ്റ്, ഇന്‍ഷുറന്‍സ്, ഫയര്‍ സേഫ്റ്റി തുടങ്ങിയവ ഒക്കെ ഇതില്‍ ഉള്‍പ്പെടും. അറ്റ്‌ലാന്റിക് ബോട്ട് ഇതുവരെ രജിസ്‌ട്രേഷന്‍ നടത്തിയിട്ടില്ല. നിരവധി നിയമലംഘനങ്ങളും നടത്തി’. മന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button