Local newsMALAPPURAM
വിനോദയാത്ര പോയ കുടുംബത്തിന്റെ കാർ ഇടിച്ച് മറിഞ്ഞ് പിതാവും മകനും മരിച്ചു


മലപ്പുറം : മൈസുരുവിലേക്കു വിനോദയാത്ര പോയ കുടുംബത്തിന്റെ കാർ കർണാടകയിലെ നഞ്ചൻകോട്ട് ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ വണ്ടൂർ വാണിയമ്പലം സ്വദേശികളായ പിതാവും മകനും മരിച്ചു. പള്ള്യാളി നാസർ (45), മകൻ നഹാസ് (15) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ മൂത്ത മകൻ നവാസ് (23) നഞ്ചൻകോട്ടെ ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച രാത്രി 10.30നാണ് അപകടം.ഡിവൈഡറിൽ ഇടിച്ചാണ് അപകടമുണ്ടായത്. നാസറിന്റെ ഭാര്യയ്ക്കു പുറമേ അദ്ദേഹത്തിന്റെ സഹോദരിമാരും അവരുടെ കുട്ടികളുമാണ് യാത്ര പോയത്. വിവരമറിഞ്ഞ ബന്ധുക്കൾ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. തുടർന്ന് വാഹനത്തിലുണ്ടായിരുന്ന മറ്റുള്ളവരെ നാട്ടിലേക്ക് മടക്കി അയച്ചു.
വണ്ടൂർ എംഎൽഎ എ.പി.അനിൽകുമാർ ഇടപെട്ടതനുസരിച്ച് നഞ്ചൻകോട്ടെ എംഎൽഎ അടക്കമുള്ളവരും കുടുംബത്തിന്റെ സഹായത്തിനായി ആശുപത്രിയിലെത്തി.
