GULF

താജ്മഹല്‍ ചിത്രത്തിന് മലയാളി ഫോട്ടോഗ്രാഫര്‍ക്ക് 23 ലക്ഷത്തിന്‍റെ പുരസ്കാരം

അബൂദബി: താജ്മഹലിന്‍റെ ഫോട്ടോ പകർത്തിയ മലയാളി ഫോട്ടോഗ്രാഫർക്ക് ഒരു ലക്ഷം ദിർഹം (23.5ലക്ഷം രൂപ) സമ്മാനത്തുകയുള്ള പുരസ്കാരം.

തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി ടി.എ. അൻവർ സാദത്താണ് കഴിഞ്ഞ വർഷം അബൂദബി ശൈഖ് സായിദ് ഗ്രാൻഡ് മോസ്ക് സെന്‍റർ നടത്തിയ ‘സ്പേസസ് ഓഫ് ലൈറ്റ് ഫോട്ടോഗ്രഫി’ പുരസ്കാരം നേടിയത്. മോസ്ക്സ് ആൻഡ് മസ്ജിദ് വിഭാഗത്തിലാണ് പുരസ്കാരം.


അൻവർ സാദത്ത്

കഴിഞ്ഞ ദിവസം അബൂദബിയിലെ ശൈഖ് സായിദ് ഗ്രാൻഡ് മോസ്കില്‍ നടന്ന ചടങ്ങില്‍ യു.എ.ഇ ആരോഗ്യ പ്രതിരോധ മന്ത്രിയും ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്ക് സെന്‍റർ ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാനുമായ അബ്ദുള്‍റഹ്മാന്‍ ബിന്‍ മുഹമ്മദ് അല്‍ ഉവൈസില്‍ നിന്ന് അന്‍വർ പുരസ്കാരം ഏറ്റുവാങ്ങി. സമാധാനം എന്ന പ്രമേയത്തിലാണ് പുരസ്കാരത്തിന്‍റെ എട്ടാം പതിപ്പ് നടന്നത്.

2024ല്‍ പെരുന്നാള്‍ ദിനത്തിലാണ് പുരസ്കാരത്തിന് അർഹമായ ‘ട്രാന്‍ക്വിലിറ്റി ഓഫ് താജ്മഹല്‍’ എന്ന ചിത്രം അന്‍വർ പകർത്തിയത്. ഇതുള്‍പ്പെടെ മൂന്ന് ചിത്രങ്ങള്‍ മത്സരത്തിനായി നല്‍കി. രണ്ടെണ്ണം താജ്മഹലിന്‍റെയും ഒന്ന് കോഴിക്കോട് മർകസ് നോളജ് സിറ്റി മസ്ജിദിന്റേതുമായിരുന്നു. ഇതില്‍ താജ്മഹലില്‍ നിന്നുള്ള ഫോട്ടോക്കാണ് സമ്മാനം ലഭിച്ചത്. 60 രാജ്യങ്ങളില്‍ നിന്നായി 2000 പേരുടെ 3070 ഓളം ചിത്രങ്ങള്‍ മത്സരത്തില്‍ മാറ്റുരച്ചു. ഗുരുവായൂർ സ്വദേശി അരുണ്‍ തരകന് നരേറ്റീവ് വിഭാഗത്തിലും വളാഞ്ചേരി സ്വദേശി അബ്ദുല്‍ ഷുക്കൂറിന് ഡിജിറ്റല്‍ ആർട്ടിലും രണ്ടാം സമ്മാനമായി 50,000 ദിർഹം (11.70 ലക്ഷം രൂപ) ലഭിച്ചു.

2019ലും ‘സ്പേസസ് ഓഫ് ലൈറ്റ് ഫോട്ടോഗ്രഫി’ മത്സരത്തില്‍ അന്‍വർ പങ്കെടുത്തിരുന്നു. ‘സഹിഷ്ണുത’ എന്നതായിരുന്നു അന്നത്തെ പ്രമേയം. ഗ്രാൻഡ് മോസ്കിന്‍റെ ചില ചിത്രങ്ങള്‍ പകർത്തി അയച്ചുകൊടുത്തെങ്കിലും സമ്മാനം ലഭിച്ചിരുന്നില്ല.

2019ന് ശേഷം 2024 ലാണ് വീണ്ടും ‘സ്പേസസ് ഓഫ് ലൈറ്റ് ഫോട്ടോഗ്രഫി’ മത്സരം പ്രഖ്യാപിച്ചത്. 2023ല്‍ ബുർജ്മാനും ഐബ്രാൻഡ് കണക്ടുമായി ചേർന്ന് നടത്തിയ മത്സരത്തില്‍ ആദ്യ മൂന്നില്‍ ഒരാളും അൻവറായിരുന്നു. ബംഗളൂരുവില്‍ നിന്ന് ഫോട്ടോ ജേണലിസം പൂർത്തിയാക്കിയ അൻവൻ നാട്ടില്‍ ഫ്രീലാൻസ് ഫോട്ടോഗ്രാഫറായി ജോലിചെയ്തുവരുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button