തവനൂരിൽ നാലാം അങ്കത്തില്‍ കടന്നുകൂടിയ കെ.ടി. ജലീലിന് പിഴച്ചതെവിടെ
എടപ്പാൾ:കെ.ടി.ജലീൽ ജയിച്ച 2016-ൽ ബിജെപിക്ക് 15801 വോട്ടുകളുണ്ടായിരുന്നു. എന്നാൽ ഇത്തവണ എൻഡിഎയുടെ ഭാഗമായി ബിഡിജെഎസ് സ്ഥാനാർഥിയായി മത്സരിച്ച രമേശ് കോട്ടയപ്പുറത്തിന് കിട്ടിയത് 9914 വോട്ടുകൾ. വൻ ചോർച്ചയാണ് ബിജെപി അകൗണ്ടിൽ ഉണ്ടായത്. 2564 വോട്ടുകൾക്ക് മാത്രമാണ് കെ.ടി.ജലീൽ ഇവിടെ നിന്ന് ജയിച്ചത്.
തവനൂരിൽ നാലാം അങ്കത്തില്‍ കടന്നുകൂടിയ കെ.ടി. ജലീലിന് പിഴച്ചതെവിടെ എന്ന ചോദ്യമാണ് ഉയരുന്നത്. 2006ല്‍ കുറ്റിപ്പുറത്തും 2011ലും 2016ലും തവനൂരിലും മത്സരിക്കുമ്പോള്‍ ജലീലിനുണ്ടായിരുന്ന പൊതുസ്ഥാനാര്‍ഥി എന്ന സ്വീകാര്യത 2021ല്‍ കൈമോശം വന്നതാണ് ഭൂരിപക്ഷം കുറയാന്‍ കാരണമായി ഉന്നയിക്കപ്പെടുന്നത്. ജലീലിന്റെ വ്യക്തിപ്രഭാവത്തില്‍ എതിര് ചേരികളിലെ വോട്ടുകള്‍ കൂടി പെട്ടിയിലാക്കാം എന്ന കണക്കുകൂട്ടല്‍ ഇത്തവണ ഫലം കണ്ടില്ല. എല്‍.ഡി.എഫ് മണ്ഡലം കമ്മിറ്റിയുടെ 6,000 വോട്ട് ഭൂരിപക്ഷം ലഭിക്കുമെന്ന കണക്കിന്റെ അടുത്ത് പോലും എത്താന്‍ സാധിച്ചില്ല.
തവനൂരില്‍ നിന്ന് 2016ൽ വിജയിച്ച് മന്ത്രിയായ ശേഷം ജലീല്‍ സ്വീകരിച്ച നിലപാടുകള്‍ ഈ തെരഞ്ഞെടുപ്പില്‍ നിര്‍ണയാകമായി. തികഞ്ഞ മതവിശ്വാസിയായ ജലീല്‍ മന്ത്രിയായ ശേഷം കറകളഞ്ഞ കമ്യൂണിസ്റ്റുകാരന്റെ കുപ്പായത്തിലേക്ക് ചേക്കേറിയതോടെയാണ് പൊതു സ്വീകാര്യത മുഖം നഷ്ടപ്പെടാന്‍ തുടങ്ങുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ സി.പി.എം സൈബര്‍ പോരാളിയായി ജലീല്‍ രൂപപ്പെടുകയായിരുവെന്നാണ് ആക്ഷേപം. തവനൂരിലെ യു.ഡി.എഫ് പ്രവര്‍ത്തകരുമായി ജലീലിന് നല്ല ആത്മബന്ധമുണ്ട്. കഴിഞ്ഞ തവണ പല യു.ഡി.എഫ് കോട്ടകളിലും ജലീല്‍ ലീഡ് ചെയ്തിരുന്നു. എന്നാല്‍, ആ വോട്ടുകള്‍ ഇത്തവണയും സ്വന്തമാക്കാനുള്ള തന്ത്രങ്ങളൊന്നും വിജയിച്ചില്ല.