സന്തോഷ് ട്രോഫി: തിരൂരും എടപ്പാളും വേദിയാകുമോ?

എടപ്പാൾ: ഈ വർഷത്തെ സന്തോഷ് ട്രോഫി ഫുട്ബാൾ മത്സരത്തിന് തിരൂർ രാജീവ് ഗാന്ധി മുനിസിപ്പൽ സ്റ്റേഡിയവും എടപ്പാൾ ഗവ. ഹയർ സെക്കൻഡറി സ്കൂൾ സ്റ്റേഡിയവും വേദിയായേക്കും. കഴിഞ്ഞദിവസം എ.ഐ.എഫ്.എഫ് അധികൃതർ ഇരു സ്റ്റേഡിയങ്ങളും സന്ദർശിച്ചിരുന്നു.
ടോയ്ലറ്റും കളിക്കാർക്കുള്ള ഡ്രസ്സിങ് റൂമും നഗരസഭ ഒരുക്കിയാൽ സന്തോഷ് ട്രോഫി ഫുട്ബാളിലെ ഒരു മത്സരം തിരൂരിൽ നടത്തുന്നത് പരിഗണിക്കുമെന്ന് പ്രതിനിധികൾ പറഞ്ഞു. ഇവ എത്രയും പെട്ടെന്ന് ഒരുക്കാൻ നടപടിയെടുക്കുമെന്ന് നഗരസഭ വൈസ് ചെയർമാൻ പി. രാമൻകുട്ടി പറഞ്ഞു. മൂന്ന് മാസത്തിനകം സൗകര്യങ്ങൾ ഒരുക്കിയാൽ നഗരസഭക്ക് സന്തോഷ് ട്രോഫി മത്സരത്തിന് വേദിയാവാനുള്ള അപേക്ഷ എ.ഐ.എഫ്.എഫിന് നൽകാനാവും. ഇതിനുശേഷമാവും അന്തിമ തീരുമാനമുണ്ടാവുക. എ.ഐ.എഫ്.എഫ് പ്രതിനിധികളായ അനിൽ കമ്മത്ത്, ഷാനവാസ്, വിക്രം, രാഹുൽ പരേഷ് എന്നിവരാണ് സ്റ്റേഡിയം സന്ദർശിച്ചത്.
എടപ്പാൾ ഗവ. ഹയർ സെക്കൻഡറി സ്കൂൾ സ്റ്റേഡിയത്തിൽ സന്തോഷ് ട്രോഫി ക്വാർട്ടർ ഫൈനൽ മത്സരം നടത്തുന്നത് ആലോചിക്കുമെന്ന് കായിക മന്ത്രി വി. അബ്ദുറഹ്മാൻ പറഞ്ഞു.
എല്ലാ വിധ സഹകരണവും ഉറപ്പുവരുത്തുമെന്ന് കെ.ടി. ജലീൽ എം.എൽ.എയും ഉറപ്പ് നൽകി. വട്ടംകുളം മിനി സ്റ്റേഡിയത്തിെൻറ നവീകരണ പ്രവൃത്തി ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്താണ് ഇവരും ഇക്കാര്യം സംസാരിച്ചത്. കഴിഞ്ഞദിവസം എ.ഐ.എഫ്.എഫ് പ്രതിനിധികൾ ഗ്രൗണ്ട് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. എടപ്പാൾ ഗവ. ഹയർ സെക്കൻഡറി സ്കൂളിെൻറ 5.87 ഏക്കർ ഭൂമിയിലാണ് സ്റ്റേഡിയം നിലനിൽക്കുന്നത്.
ഫ്ലഡ്ലിറ്റ്, നാച്വറൽ ടർഫ്, ഓട്ടോമാറ്റഡ് സ്പ്രിംഗ്ലർ സിസ്റ്റത്തോട് കൂടിയ ഫിഫ അംഗീകൃത ഇലവൻസ് ഫുട്ബാൾ കോർട്ട് എന്നിവക്ക് പുറമെ കളിക്കാർക്കുള്ള മുറികൾ, മെഡിക്കൽ റൂം, ഫിസിക്കൽ എജുക്കേഷൻ റൂം, മീഡിയ റൂം, സ്റ്റോർ റൂം, ടോയ്ലറ്റ് എന്നീ സൗകര്യങ്ങളോടു കൂടിയ എമിനിറ്റി സെൻററും ഇവിടെ ഒരുക്കിയിട്ടുണ്ട്. 6.87 കോടി രൂപ ചെലവിൽ ഫ്രെബുവരിയിലാണ് സ്റ്റേഡിയം നാടിന് സമർപ്പിച്ചത്. എന്നാൽ, ഇതുവരെ ഗ്രൗണ്ടിൽ പന്തുരുണ്ടിട്ടില്ല.
പയ്യനാട് സ്റ്റേഡിയം സന്ദർശിച്ചു
മഞ്ചേരി: സന്തോഷ് ട്രോഫി ഫൈനൽ മത്സരങ്ങൾക്ക് വേദിയാകുന്ന പയ്യനാട് സ്പോർട്സ് കോംപ്ലക്സ് സ്റ്റേഡിയം അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ പ്രതിനിധികൾ സന്ദർശിച്ചു. സ്പോർടിങ് ഡയറക്ടർ വിക്രം, കോമ്പറ്റീഷൻ ഡയറക്ടർ അനിൽ കമ്മത്ത്, മാനേജർ രാഹുൽ പരേഷ്, ഓവർസീസ് പ്രോജക്ട് മേധാവി ഷാനവാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പയ്യനാട് എത്തിയത്. മൈതാനം, ഗാലറി, ഫ്ലഡ്ലിറ്റ് എന്നിവ സംഘം വിലയിരുത്തി.
ടൂർണമെൻറിന് എത്തുന്ന ടീമുകൾക്ക് പരിശീലനം നടത്താനായി കണ്ടെത്തിയ ജില്ലയിലെ മറ്റു സ്റ്റേഡിയങ്ങളും സംഘം പരിശോധിച്ചു. എടപ്പാൾ ഫുട്ബാൾ സ്റ്റേഡിയം, കോട്ടപ്പടി സ്റ്റേഡിയം, തിരൂർ രാജീവ് ഗാന്ധി മുനിസിപ്പൽ സ്റ്റേഡിയം, മഞ്ചേരി ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ട്, എടവണ്ണ സീതിഹാജി സ്റ്റേഡിയം എന്നിവയാണ് പ്രതിനിധികൾ സന്ദർശിച്ചത്.
ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് എ. ശ്രീകുമാർ, സെക്രട്ടറി മുരുകൻ രാജ്, കേരള ഫുട്ബാൾ അസോസിയേഷൻ വൈസ് പ്രസിഡൻറ് കെ.എ. കരീം, ഡി.എഫ്.എ പ്രസിഡൻറ് പി. അഷ്റഫ്, സെക്രട്ടറി പി.എം. സുധീർകുമാർ, ടർഫ് എക്സ്പേർട്ട് ശ്രീകുമാർ മണ്ണത്തി എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.














