തവനൂരിൽ ആർക്ക് ജോയ്; ജലീൽകോട്ട പിടിച്ചെടുക്കാൻ പടനായകനെത്തന്നെ കളത്തിലിറക്കി കോൺഗ്രസ്
എടപ്പാൾ: മലപ്പുറം ജില്ലയിലെ ഏറ്റവും വാശിയേറിയ പോരാട്ടം നടക്കുന്ന മണ്ഡലമാണ് തവനൂർ. നിലവിലെ സിറ്റിംഗ് എം.എൽ.എ ഡോ: കെ.ടി ജലീലും, യു.ഡി.എഫ് സ്ഥാനാർഥി അഡ്വ: വി.എസ് ജോയിയും നേർക്കുനേർ എത്തുമ്പോൾ പോരാട്ടം പ്രവചനാതീതമാകുകയാണ്. 2011 മുതൽ തവനൂരിന്റെ മുഖമാണ് ഡോ:
കെ.ടി. ജലീൽ. മണ്ഡലത്തിൽ അദ്ദേഹം കൊണ്ടുവന്ന അടിസ്ഥാന സൗകര്യ വികസനങ്ങളും, വ്യക്തിപരമായ ബന്ധങ്ങളുമാണ് അദ്ദേഹത്തിന്റെ കരുത്ത്. തവനൂർ മണ്ഡലമായുള്ള തന്റെ 15 വർഷത്തെ പരിചയം ജലീലിന് ഏറെ പ്രതീക്ഷയേറിയതാണ്. മണ്ഡലത്തിൽ നടപ്പിലാക്കിയ വികസന പദ്ധതികളും എൽ.ഡി.എഫിന്റെ ശക്തമായ സംഘടന സംവിധാനവും കെ.ടി ജലീലിന് അനുകൂല ഘടകം ആണെങ്കിലും, തുടർച്ചയായ ഭരണത്തിനെതിരെയുള്ള സ്വാഭാവികമായ വികാരം എന്നനിലയിൽ, കഴിഞ്ഞ തവണ കുറഞ്ഞ ഭൂരിപക്ഷം (2,564 വോട്ടുകൾ മാത്രം) വലിയ വെല്ലുവിളിയാണ്.
മലപ്പുറം ഡി.സി.സി പ്രസിഡന്റ് എന്ന നിലയിലുള്ള കരുത്തുമായാണ് വി.എസ്. ജോയി എത്തുന്നത്. മികച്ച വാഗ്മിയും സംഘാടകനുമായ അദ്ദേഹം യുവവോട്ടർമാർക്കിടയിൽ വലിയ സ്വാധീനം ചെലുത്തുന്നു. കോൺഗ്രസിന്റെ യുവരക്തം, മണ്ഡലം പിടിച്ചെടുക്കാനുള്ള യു.ഡി.എഫ് പ്രവർത്തകരുടെ ആവേശം, കഴിഞ്ഞ തവണത്തെ മികച്ച മുന്നേറ്റം നൽകുന്ന ആത്മവിശ്വാസം,അനുകൂല ഘടകം ആണെങ്കിലും, ജലീൽ എന്ന അതികായന്റെ വ്യക്തിപ്രഭാവത്തെ മറികടക്കുക എന്ന ദൗത്യം വലിയ വെല്ലുവിളിയാണ്. കഴിഞ്ഞ തവണ ഫിറോസ് കുന്നംപറമ്പിൽ ഉണ്ടാക്കിയ ഓളം ഇത്തവണ നിലനിർത്താൻ വി.എസ്. ജോയിക്ക് കഴിയുമോ എന്നതാണ്
പ്രധാന ചോദ്യം.കാർഷിക മേഖലയിലെ പ്രതിസന്ധികളും തീരദേശ വികസനവും വോട്ടർമാരുടെ മനസ്സിലിരിപ്പിനെ സ്വാധീനിച്ചേക്കാം.
തവനൂരിൽ ഇത് വെറുമൊരു തിരഞ്ഞെടുപ്പല്ല, മറിച്ച് രാഷ്ട്രീയ നിലനിൽപ്പിന്റെ പോരാട്ടമാണ്. ജലീൽ തന്റെ ആധിപത്യം തുടരുമോ അതോ വി.എസ്. ജോയിയിലൂടെ മണ്ഡലം യു.ഡി.എഫ് പിടിച്ചെടുക്കുമോ? വോട്ടർമാരുടെ വിധി എന്തായാലും കേരളം ഉറ്റുനോക്കുന്ന പോരാട്ടങ്ങളിൽ ഒന്നായിരിക്കും ഇത്.2025ൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും യു.ഡി.എഫിന് ഇവിടെ വിജയം കൈവരിക്കാൻ സാധിച്ചു. നിലവിൽ തവനൂർ നിയോജക മണ്ഡലത്തില്‍പ്പെടുന്ന തൃപ്രങ്ങോട്, മംഗലം, പുറത്തൂർ, തവനൂർ, എടപ്പാള്‍, കാലടി, വട്ടംകുളം എന്നീ ഏഴ് പഞ്ചായത്തുകളിലും യു.ഡി.എഫ് ആണ് ഭരിക്കുന്നത്.
തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ വോട്ടുവർധന, കൂടുതൽ തിളക്കമുള്ളതാക്കാൻ ബി.ജെ.പി. മുൻ ജില്ലാപ്രസിഡന്റ് രവി തേലത്തിനെയാണ് ഇവിടെ എൻ.ഡി.എ. സ്ഥാനാർഥിയാക്കിയിട്ടുള്ളത്.
രണ്ട് അപര സ്ഥാനാർത്ഥികൾ കെ.ടി ജലീലിനെതിരെ തവനൂരിൽ രംഗത്തുണ്ട്. എസ്.ഡി.പി.ഐ സ്ഥാനാർത്ഥിയായി അബ്ദുൽ ജലീൽ കത്രിക ചിഹ്നത്തിലും , സ്വതന്ത്ര സ്ഥാനാർത്ഥിയായി അബ്ദുൽ ജലീൽ കെ.ടി ബലൂൺ ചിഹ്നത്തിലും മത്സരിക്കുന്നുണ്ട്. യു.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർഥികൾ പാർട്ടി ചിന്നങ്ങളിൽ മത്സരിക്കുമ്പോൾ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായ കെ.ടി ജലീൽ ലോറി അടയാളത്തിലാണ് ഇത്തവണ ഇവിടെ മത്സരിക്കുന്നത്.
‘ഇനി ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കില്ല, ഒരധികാരവും വേണ്ടെന്ന് കട്ടായം പറഞ്ഞുമാറി നിന്നതാണ് കെ.ടി. ജലീൽ. പാർട്ടിക്കുള്ളിലും അണികൾക്കിടയിലും ജലീലിനെത്തന്നെ പരിഗണിക്കുന്നതിൽ എതിർപ്പുകൾ ഏറെയായിരുന്നു. എന്നാൽ, തവനൂർ നിലനിർത്താൻ ജലീലിനപ്പുറമുള്ള ഒരായുധം ആവനാഴിയിലില്ലെന്ന തിരിച്ചറിവിലാണ് അദ്ദേഹത്തെത്തന്നെ നാലാംവട്ടവും പരീക്ഷിക്കാൻ നേതൃത്വത്തെ പ്രേരിപ്പിച്ചത്. പാർട്ടിക്കുവേണ്ടി അധ്വാനിച്ച പ്രവർത്തകരും നേതാക്കളും മണ്ഡലത്തിലുണ്ട്. ജലീൽ വന്നതോടെ അവസരമില്ലാതായിപ്പോയവർ. സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിനൊപ്പം നിൽക്കാൻ അവരും നിർബന്ധിതരായി.