തദ്ദേശ തെരെഞ്ഞെടുപ്പ്: മുഖ്യമന്ത്രിക്ക് തിരിച്ചടിയായത് വെള്ളാപ്പള്ളിയുമായുള്ള ചങ്ങാത്തം; ജമാഅത്ത് കൗൺസിൽ
വെള്ളാപ്പള്ളിയെ തോളിലേറ്റിയുള്ള മുഖ്യമന്ത്രിയുടെ അവിശുദ്ധ ചങ്ങാത്തത്തിന് മുസ്ലിം ന്യൂനപക്ഷം കനത്ത തിരിച്ചടി നൽകി. സമുദായത്തിനെതിരെ വർഗ്ഗീയ വിഷം ചീററുന്നതിനെതിരെ നടപടി സ്വീകരിക്കുന്നതിനുപകരം വെള്ളാപ്പള്ളിക്കു കവചമൊരുക്കുകയും, ഐക്യദാർഡ്യം പ്രഖ്യാപിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിയുടെ നയം തിരുത്തണം. ലോകം മുഴുവൻ നെഞ്ചിലേറ്റിയ ശ്രീനാരായണ ഗുരു സന്ദേശങ്ങൾക്കും, ആശയങ്ങൾക്കും അപമാനമായി നിലകൊള്ളുന്ന വെള്ളാപ്പള്ളി ഇനിയെങ്കിലും നാവടയ്ക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണ്ണയത്തിൽ മുസ്ലിം സമുദായത്തിന് അർഹമായ പ്രാതിനിധ്യം നൽകണമെന്ന് ഇരുമുന്നണികളോടും ‘ജമാഅത്ത് കൗൺസിൽ ആവശ്യപ്പെട്ടു. 2025 ഫെബ്രവരി 14 ന് ശനിയാഴ്ച കോട്ടയത്ത് നടക്കുന്ന സംസ്ഥാന കൺവെൻഷനിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട നിലപാടു സംബന്ധിച്ച് തിരുമാനമെടുക്കുമെന്ന് മലപ്പുറം തിരൂരിൽ കൂടിയ സംസ്ഥാന നിർവ്വാഹക സമിതി യോഗം അറിയിച്ചു. സംസ്ഥാന കൺവെൻഷന് തേനാമാക്കൽ ബഷീർ (കോട്ടയം) ചെയർമാനായി കമ്മിറ്റിക്ക് രൂപം കൊടുത്തു
സംസ്ഥാന പ്രസിഡണ്ട് കരമനബയാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എ.എ. അഷ്റഫ് പ്രമേയമവതരിപ്പിച്ചു. അഡ്വ. അഹമ്മദ് മാമൻ, വെളിയംകോട് മുഹമ്മദ് കുട്ടി,?ഇമാം കെ. പി. അഹമ്മദ് മൗലവി, ബീമാപള്ളി സക്കീർ, എ. ഷറഫുദ്ധീൻ എന്നിവർ പ്രസംഗിച്ചു.