
കോഴിക്കോട്: താമരശ്ശേരിയില്‍ പത്താം ക്ലാസുകാരൻ ഷഹബാസ് കൊല്ലപ്പെട്ട കേസിലെ പ്രതികള്‍ക്ക് എസ് എസ് എല്‍ സി പരീക്ഷ എഴുതാൻ അനുവാദം നല്‍കി.എന്നാല്‍ പരീക്ഷ എഴുതാൻ കൊണ്ടുവന്നാല്‍ തടയുമെന്ന യുവജന സംഘടനകളുടെ ഭീഷണിയെ തുടർന്ന് പ്രതികളുടെ പരീക്ഷ കേന്ദ്രം മാറ്റി. സുരക്ഷാ കാരണങ്ങള്‍ മുൻനിർത്തി കോഴിക്കോട് വെളളിമാടുകുന്നിലേക്കാണ് പരീക്ഷ കേന്ദ്രം മാറ്റിയത്. സുരക്ഷാ പ്രശ്നങ്ങളുള്ളതിനാല്‍ പ്രതികളുടെ പരീക്ഷ കേന്ദ്രം താമരശ്ശേരി ഹയർ സെക്കന്ററി സ്കൂളില്‍ നിന്നും മാറ്റണമെന്നാവശ്യപ്പെട് പൊലീസ് വിദ്യാഭ്യാസ വകുപ്പിന് കത്ത് നല്‍കിയിരുന്നു. ഇതിനെ തുടർന്നാണ് നടപടി.
അതിനിടെ ഷഹബാസ് കൊലക്കേസില്‍ പ്രധാന തെളിവായ ആയുധം പൊലീസ് കണ്ടെടുത്തു. ഷഹബാസിന്‍റെ തലയ്ക്കടിക്കാൻ പ്രതികള്‍ ഉപയോഗിച്ച നഞ്ചക്കാണ് പൊലീസ് കണ്ടെടുത്തത്. വിദ്യാർഥികളുടെ വീടുകളില്‍ ഇന്ന് നടത്തിയ പരിശോധനയിലാണ് ഷഹബാസിനെ മർദിക്കാൻ ഉപയോഗിച്ച നഞ്ചക്ക് കണ്ടെത്തിയത്. പ്രധാന പ്രതിയുടെ വീട്ടില്‍ നിന്നാണ് ആയുധം കിട്ടിയത്. വിദ്യാർഥികളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഡിജിറ്റല്‍ തെളിവുകളായ മൊബൈല്‍ ഫോണുകളും ലാപ്ടോപ്പും പൊലീസ് കണ്ടെത്തി. ഇത് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. അഞ്ച് വിദ്യാര്‍ഥികളുടേയും വീട്ടില്‍ ഒരേ സമയമാണ് പൊലീസ് പരിശോധന നടത്തിയത്.
അതേസമയം ഷഹബാസ് കൊലപാതക കേസിലെ മുഖ്യ പ്രതിയുടെ പിതാവിന് ക്വട്ടേഷൻ, രാഷ്ട്രീയ ബന്ധങ്ങളുണ്ടെന്ന വിവരം ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. പ്രധാന പ്രതിയുടെ പിതാവ് ടി പി വധക്കേസ് പ്രതി ടി കെ രജീഷിനൊപ്പം നില്‍ക്കുന്ന ചിത്രമടക്കം പുറത്തുവന്നു. ഇയാള്‍ സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍ കേസുകളില്‍ പ്രതിയാണ്. ആക്രമണ സമയം ഇയാള്‍ സ്ഥലത്ത് ഉണ്ടായിരുന്നതായി ഷഹബാസിന്‍റെ പിതാവ് പറഞ്ഞു. ഷഹബാസിനെ ആക്രമിക്കാന്‍ ഉപയോഗിച്ച നഞ്ചക്ക് കിട്ടിയതും ഇയാളുടെ വീട്ടില്‍ നിന്നാണ്. പ്രതികളുടെ രക്ഷിതാക്കളുടെ അറിവോടെ നടന്ന ആസൂത്രിതമായ കൊലപാതകമാണെന്നാണ് ഷഹബാസിന്‍റെ പിതാവ് പറയുന്നത്.
