KERALA

കൊല്ലം അഞ്ചൽ ഉത്ര വധക്കേസിൽ കോടതി വിധിഇന്ന്.

കേരള മനസാക്ഷിയെ ഞെട്ടിച്ച കൊല്ലം അഞ്ചൽ ഉത്ര വധക്കേസിൽ ഇന്ന് വിധി പറയും. കൊല്ലം ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് കേസിൽ അന്തിമ വിധി പറയുക. കൊലപാതകം നടന്ന് ഒന്നര വർഷത്തിനുള്ളിലാണ് കേസിൽ വിധിയെത്തുന്നത്.

കേരളത്തിന്റെ കുറ്റാന്വേഷണ ചരിത്രത്തിലെ പ്രത്യേകതകൾ ഏറെയുള്ള കേസാണ് ഉത്ര വധക്കേസ്. ഭർത്താവ് സൂരജ് മൂർഖൻ പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ച് ഭാര്യ ഉത്രയെ കൊലപ്പെടുത്തി എന്നതാണ് കേസ്. കേട്ടുകേൾവിയില്ലാത്ത വിധം ക്രൂരമായ കേസിലാണ് ഒരു വർഷവും 5 മാസവും 4 ദിവസവും പൂർത്തിയാവുമ്പോൾ വിധി പറയുന്നത്. 87 സാക്ഷികൾ, 288 രേഖകൾ, 40 തൊണ്ടിമുതലുകൾ. ഇത്രയുമാണ് കോടതിക്ക് മുന്നിൽ അന്വേഷണസംഘം ഹാജരാക്കിയത്.

റെക്കോർഡ് വേഗത്തിൽ കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ കോടതി നടപടികളും വേഗത്തിലായിരുന്നു. വാദി ഭാഗവും പ്രതിഭാഗവും തമ്മിൽ കോടതിയിൽ രൂക്ഷമായ വാദപ്രതിവാദങ്ങൾ ഉണ്ടായി. കോടതിയിൽ താൻ കുറ്റക്കാരനല്ലെന്ന് പ്രതി സൂരജ് ആവർത്തിച്ചു പറഞ്ഞു. സർക്കാർ അഭിഭാഷകനായി അഡ്വക്കേറ്റ് മോഹൻരാജും പ്രതി ഭാഗത്തിനായി അഡ്വ. അജിത്ത് പ്രഭാവും ഹാജരായി.

ഉച്ചയ്ക്ക് മുൻപ് തന്നെ കേസ് പരിഗണിക്കാനാണ് സാധ്യത. പ്രതി കുറ്റക്കാരനാണോ അല്ലയോ എന്ന് വിധിച്ച ശേഷം പ്രതിയുടെ ഭാഗം വീണ്ടും കേൾക്കും. ശേഷമാകും ശിക്ഷാവിധി പ്രസ്താവിക്കുക. കൊല്ലം ജില്ലാ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എം മനോജാണ് കേസിൽ വിധി പറയുന്നത്.

ആയുധവും സാക്ഷിയും ഇല്ലാത്ത കൊലപാതകം എന്നതായിരുന്നു ഉത്രാ കേസിന്റെ പ്രത്യേകത. ആ കൊലപതകത്തിൽ ചെറു തെളിവിന്റെ പോലും അഭാവം പ്രതിക്ക് രക്ഷപ്പെടാനുള്ള പഴുത് ആകരുതെന്ന വാശിയോടെ അന്വേഷണ സംഘം നടത്തിയ ചടുല നീക്കങ്ങളാണ് നിർണായകമായത്. അന്നത്തെ കൊല്ലം റൂറൽ എസ്പി ആയിരുന്ന ഹരിശങ്കറിന്റെ മേൽനോട്ടത്തിൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അശോകനാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്.

കേസിൽ ആദ്യം ദുരൂഹത കണ്ടെത്തിയത് അഞ്ചൽ പൊലീസ് ആണ്. പിന്നാലെ ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തു. ആയുധം ഇല്ലാത്ത കേസിൽ മൂർഖൻ പാമ്പിനെ ആയുധമായി പരിഗണിച്ചു. തല്ലിക്കൊന്ന് അഞ്ചലിലെ ഉത്രയുടെ വീട്ടുപറമ്പിൽ കുഴിച്ചിട്ട മൂർഖൻ പാമ്പിനെ പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തി. പാമ്പിന്റെ നീളം 152 സെന്റിമീറ്ററും വിഷപ്പല്ലിന്റെ നീളം 0.6 സെന്റിമീറ്ററുമാണെന്ന് കണ്ടെത്തി. പിന്നീട് ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാൻ വിദഗ്ദ്ധന്മാരുമായി പല തവണ ചർച്ച നടത്തി.
കേസിൽ ഏറ്റവും ബുദ്ധിപരമായ നീക്കമായി കണക്കാക്കുന്നത് മൂർഖൻ പാമ്പിനെ ഉപയോഗിച്ചുള്ള ഡമ്മി പരിശോധനയാണ്. സ്വാഭാവികമായി 150 സെ.മി ഉള്ള ഒരു മൂർഖൻ പാമ്പ് കടിച്ചാൽ 1.7 സെ.മി മുതൽ 1.8 സെ.മി വരെ മാത്രമേ മുറിവുണ്ടാകൂ. എന്നാൽ ഉത്രയുടെ ശരീരത്തിൽ ഉണ്ടായിരുന്നത് 2.3 സെ.മിന്റെയും 2.8 സെ.മിന്റെയും രണ്ട് മുറിവുകളാണ്. പാമ്പിനെ ബലമായി പിടിച്ചു കൊത്തിച്ചാൽ ഇത്രയും ആഴത്തിലുള്ള മുറിവ് ഉണ്ടാകുമെന്ന് തെളിയിച്ചത് ഈ ഡമ്മി പരിശോധനയിലൂടെയാണ്.
സാക്ഷികൾ ഇല്ലാത്ത കേസിൽ സൂരജിന് പാമ്പിനെ വിറ്റ പാമ്പുപിടുത്തക്കാരൻ ചിറക്കര സുരേഷിനെ മാപ്പുസാക്ഷിയാക്കിയത് മറ്റൊരു ബുദ്ധിപരമായ നീക്കം. സുരേഷിന്റെ മൊഴി നിർണായകമായി. സ്വാഭാവിക ജാമ്യം നിഷേധിക്കാൻ റെക്കോർഡ് വേഗത്തിൽ കുറ്റപത്രം സമർപ്പിച്ചതാണ് മറ്റൊരു നേട്ടം. പ്രതിയെ അറസ്റ്റ് ചെയ്തു എൺപത്തിരണ്ടാം ദിവസമാണ് കോടതിയിൽ കുറ്റപത്രം എത്തിയത്. കേന്ദ്രസംസ്ഥാന സർക്കാരുകളുടെ അംഗീകാരങ്ങൾക്കൊപ്പം പൊലീസ് വിദ്യാർത്ഥികൾക്കുള്ള സിലബസിലും അന്വേഷണം ഇടം പിടിച്ചു.

കേസിന്റെ നാൾ വഴികൾ

2018 മാർച്ച് 25 ഉത്രയുടേയും സൂരജിന്റേയും വിവാഹം

2020 മാർച്ച് 2 അടൂരിലെ വീട്ടിൽ വച്ച് ഉത്രയ്ക്ക് ആദ്യം പാമ്പ് കടിയേൽക്കുന്നു

2020 മാർച്ച് 2 2020 ഏപ്രിൽ 22 ഉത്ര തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ

ഏപ്രിൽ 22 ആശുപത്രിയിൽ നിന്ന് അഞ്ചലുള്ള ഉത്രയുടെ വീട്ടിലേക്ക്

മെയ് 6 വൈകുന്നേരം സൂരജ് ഉത്രയുടെ വീട്ടിലേക്ക്

മെയ് 7 ഉത്രയുടെ മരണം

മെയ് 7 അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു

മെയ് 12 പൊലീസ് നടപടി ശക്തമാക്കണമെന്ന ഉത്രയുടെ വീട്ടുകാരുടെ ആവശ്യം

മെയ് 19 റൂറൽ എസ് പി ഹരിശങ്കറിന് വീട്ടുകാരുടെ പരാതി

മെയ് 25 സൂരജിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു, വൈകുന്നേരത്തോടെ അറസ്റ്റ്

ജൂലൈ 30 മൂർഖൻ പാമ്പിനെ ഉപയോഗിച്ചുള്ള ഡമ്മി പരിശോധന

ഓഗസ്റ്റ് 14 അന്വേഷണ സംഘം കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു



Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button