ഡ്രൈവർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്: എൻഫോഴ്സ്മെന്റ് ആർടിഒയ്ക്ക് ചുമതല

എടപ്പാൾ: കണ്ടനകം ഡ്രൈവർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനം കൂടുതൽ വിപുലപ്പെടുത്താൻ നീക്കം. ഇതിന് മുന്നോടിയായി കേന്ദ്രത്തിന്റെ മേൽനോട്ട ചുമതല ജില്ലാ എൻഫോഴ്സ്മെന്റ് ആർടിഒയ്ക്ക് കൈമാറി. നേരത്തെ പ്രത്യേകം ജോ. ഡയറക്ടർമാരെ ഇവിടെ നിയോഗിച്ചായിരുന്നു പ്രവർത്തനം നിയന്ത്രിച്ചിരുന്നത്. നിലവിൽ ഇവർക്ക് പകരം ഡപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർ, ജില്ലാ ആർടിഒ എന്നിവർ ചേർന്ന് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന വിധം ഏകോപിപ്പിച്ചു.
മൂന്നു ജില്ലകളുടെ ചുമതലയുള്ള ഡപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർക്കും ഓഫിസ് ചുമതല കൂടിയുള്ള ജില്ലാ ആർടിഒമാർക്കും ഐഡിടിആറിന്റെ അധിക ചുമതല കൂടി നൽകിയാൽ പ്രവർത്തനം താളം തെറ്റുമോ എന്ന ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ ആവശ്യമെങ്കിൽ അടുത്ത ഗവേണിങ് ബോഡി യോഗം ചേർന്ന ശേഷം ആവശ്യമെങ്കിൽ ജോ ഡയറക്ടറെ നിയമിക്കാനും ആലോചനയുണ്ട്. കോവിഡിനെ തുടർന്ന് നിലച്ചിരുന്ന പരിശീലന ക്ലാസുകൾ വീണ്ടും സജീവമാക്കാനാണ് നിലവിലെ തീരുമാനം.
ഇതിന്റെ ഭാഗമായി പുക പരിശോധനാ കേന്ദ്രത്തിലെ ടെക്നീഷ്യന്മാർക്കുള്ള പരിശീലനം, റോഡ് സേഫ്റ്റി ക്ലാസുകൾ, ഡ്രൈവിങ് സ്കൂൾ പരിശീലകർക്കുള്ള ക്ലാസുകൾ, അപകടം ഉണ്ടാക്കുന്ന ഡ്രൈവർമാർക്കുള്ള ബോധവൽക്കരണം എന്നിവ പുനരാരംഭിക്കും. കഴിഞ്ഞ ദിവസം ട്രാൻസ്പോർട്ട് കമ്മിഷണർ എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം ഇവിടെ സന്ദർശനം നടത്തിയിരുന്നു. ഐഡിടിആറിൽ നിന്ന് ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട വാഹനങ്ങളുടെ ആർസി അടക്കമുള്ളവ തുടർന്ന് ഉപയോഗിക്കാൻ കഴിയാത്ത വിധം നശിപ്പിക്കാനുള്ള സംവിധാനം ഒരുക്കുമെന്നും അറിയിച്ചിരുന്നു.
