ഡ്രൈവിങ്ങിനിടെ ഹൃദയാഘാതം; കെഎസ്ആര്‍ടിസി ഡ്രൈവര്‍ മരിച്ചു, ബസ് കടയിലേക്ക് ഇടിച്ചു കയറി
ആലപ്പുഴ: മാവേലിക്കരയില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതം മൂലം മരിച്ചു. ചെന്നിത്തല സ്വദേശി പ്രദീപാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. നിയന്ത്രണംവിട്ട കെഎസ്ആര്‍ടിസി ബസ് കടയിലേക്ക് ഇടിച്ചു കയറി. അപകടത്തില്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റു. പത്തനംതിട്ടയില്‍ നിന്ന് മാവേലിക്കരയിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസിലെ ഡ്രൈവര്‍ക്കാണ് പെട്ടെന്ന് ഹൃദയാഘാതം ഉണ്ടായത്. ഡ്രൈവര്‍ പ്രദീപിനെ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്ന് രാവിലെ ഒന്‍പത് മണിയോടെ മാവേലിക്കര നടക്കാവിലാണ് അപകടം. ബസ് ഓടിക്കുന്നതിനിടെ പെട്ടെന്ന് നെഞ്ച് വേദന വന്നതിനെ തുടര്‍ന്ന് ഡ്രൈവര്‍ക്ക് ബസിന്റെ നിയന്ത്രണം നഷ്ടമാവുകയായിരുന്നു. ഏറെ ദൂരം ബസ് നിയന്ത്രണംവിട്ട് വരികയായിരുന്നു. ഇതോടെ ഒരു യാത്രക്കാരന്‍ ഇടപെട്ട് കടയുടെ മതിലില്‍ ബസ് ഇടിച്ച് നിര്‍ത്തുകയായിരുന്നുവെന്നാണ് വിവരം. അപകടത്തില്‍ ബസിലെ യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇവരെ മാവേലിക്കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ആരുടേയും പരിക്ക് ഗുരുതരമല്ല.