ഡോക്ടർക്ക് വെട്ടേറ്റു; അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചുമരിച്ച പെണ്‍കുട്ടിയുടെ പിതാവാണ് വെട്ടിയത്

കോഴിക്കോട് ജില്ലയില്‍ ഡോക്ടര്‍മാരുടെ മിന്നല്‍ സമരം
താമരശ്ശേരി അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചുമരിച്ച പെണ്‍കുട്ടിയുടെ പിതാവ് ഡോക്ടറെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടറായ വിപിനാണ് വെട്ടേറ്റത്. പരിക്കേറ്റ ഡോക്ടറെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഡോക്ടറുടെ തലയ്ക്കാണ് വെട്ടേറ്റത്. എന്റെ മകളെ കൊന്നവനല്ലേ എന്നാക്രോശിച്ചായിരുന്നു ആക്രമണം.
രോഗം ബാധിച്ചു മരിച്ച ഒമ്പതുവയസ്സുകാരി അനയയുടെ പിതാവ് സനൂപാണ് മകളെ ചികില്‍സിച്ച ഡോക്ടറെ വെട്ടിയത്. കുഞ്ഞിന് മതിയായ ചികില്‍സ ലഭിച്ചില്ലെന്ന് ആരോപിച്ചാണ് സനൂപ് ഡോക്ടറെ ആക്രമിച്ചത്. സനൂപിനെ പോലീസ് പിടികൂടിയിട്ടുണ്ട്. രണ്ടു മക്കളുമായാണ് ഇയാൾ എത്തിയത്. കുട്ടികളെ പുറത്ത് നിർത്തിയാണ് സൂപ്രണ്ടിൻ്റെ റൂമിലെത്തിയത്. ആ സമയം സൂപ്രണ്ട് മുറിയിൽ ഉണ്ടായിരുന്നില്ല. സൂപ്രണ്ടിനെ ലക്ഷ്യംവെച്ചാണ് സനൂപ് എത്തിയത്. പിന്നീട് ഡോക്ടര്‍ വിപിനെ വെട്ടുകയായിരുന്നു.
മരിച്ച അനയയെ ആദ്യം പ്രവേശിപ്പിച്ചത് താമരശ്ശേരി താലൂക്ക് ആശുപത്രിയിലായിരുന്നു. പിന്നീട് നില വഷളായതോടെ കുട്ടിയെ മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു. എന്നാല്‍ മെഡിക്കല്‍ കോളേജില്‍ എത്തുന്നതിന് മുമ്പ് 9 വയസുകാരിയായ അനയ മരിക്കുകയായിരുന്നു. കുഞ്ഞിന്‍റെ മരണകാരണം എന്താണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിട്ടില്ലെന്നും മരണ സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല എന്നുമാണ് സനൂപും കുടുംബവും ആരോപിക്കുന്നത്.
ഡോക്ടറുടെ തലയ്ക്ക് ഗുരുതരമയ പരിക്കേറ്റിട്ടുണ്ടെന്നാണ് ആശുപത്രിയിലെ ലാബ് ജീവനക്കാരന്‍ പറയുന്നത്. പെട്ടെന്നുള്ള ആക്രമണമായിരുന്നു.
ഡോക്ടറെ ആദ്യം താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സക്കുശേഷം വിദഗ്ധ ചികിത്സയ്ക്കുവേണ്ടി കോഴിക്കോട് ബേബി ഹോസ്പിറ്റലിലേക്ക് മാറ്റി. വിപിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡിഎംഒ അറിയിച്ചു.
കോഴിക്കോട് ജില്ലയിലെ ഡോക്ടർമാർ സമരത്തിൽ, ഡോക്ടർമാർ ഒ പി അടക്കം ബഹിഷ്കരിച്ച് പ്രതിഷേധത്തിലാണ്.













