നിരവധി പുതിയ അപ്‌ഡേറ്റുകളുമായി ടെക് ലോകത്ത് കളം നിറയുകയാണ് വാട്‌സ്ആപ്പ്. ഇതിൽ അയച്ച സന്ദേശങ്ങൾ സ്വീകർത്താവിന്റെ ഫോണിൽ നിന്ന് പോലും നീക്കം ചെയ്യാൻ കഴിയുന്ന ഡിലീറ്റ് ഫോർ എവരിവൺ ഏവരുടെയും ഇഷ്ട ഫീച്ചറാണ്. അബദ്ധത്തിൽ അയച്ചുപോയ മെസേജുകൾ എളുപ്പത്തിൽ നീക്കം ചെയ്യാനാവുന്നു എന്നതായിരുന്നു ഇതിന്റെ പ്രത്യേകത. അടുത്തിടെ ഇങ്ങനെ ഡിലീറ്റ് ചെയ്യുന്നതിന്റെ സമയപരിതിയും വാട്‌സ് ആപ്പ് നീട്ടിയിരുന്നു.
അപ്പോഴും ചാറ്റുകളിൽ നിന്ന് അബദ്ധത്തിൽ നീക്കം ചെയ്തുപോവുന്ന സന്ദേശങ്ങളും ഡിലീറ്റ് ഫോർ എവരിവണിന് പകരം ഡിലീറ്റ് ഫോർ മി എന്ന ഓപ്ഷൻ കൊടുത്തുപോയാലും പെട്ടതുതന്നെയായിരുന്നു. എന്നാൽ അതിനുള്ള പ്രതിവിധി അവതരിപ്പിച്ചിരിക്കുകയാണ് വാട്‌സപ്പ് ഇപ്പോൾ. അത്തരത്തിൽ മാഞ്ഞ് പോയ ചിത്രങ്ങളും സന്ദേശങ്ങളും തിരിച്ചെടുത്ത് ഡിലീറ്റ് ഫോർ എവരിവൺ നൽകാൻ കഴിയും. പ്രമുഖ വാട്‌സ്ആപ്പ് ട്രാക്കറായ വാബീറ്റാ ഇൻഫോ ആണ് പുതിയ ഫീച്ചറിനെ കുറിച്ച് റിപ്പോർട്ട് ചെയ്തത്. വാട്‌സ്ആപ്പിന്റെ ബീറ്റാ പതിപ്പിൽ ഈ സവിശേഷത പരീക്ഷിക്കുന്നുണ്ടെന്നും അവർ അറിയിച്ചു.
മാഞ്ഞുപോയ സന്ദേശം തിരിച്ചെടുക്കാൻ ‘അൺഡു ബട്ടൺ’ ആണ് വാട്‌സ്ആപ്പ് കൊണ്ടുവരുന്നത്. ഡിലീറ്റ് ഫോർ മി എന്ന ഓപ്ഷൻ ഉപയോഗിച്ച് നീക്കം ചെയ്ത സന്ദേശം അത് ഉപയോഗിച്ച് തിരിച്ചെടുക്കാം. ശേഷം എല്ലാവരുടെ ഫോണിൽ നിന്നും നീക്കം ചെയ്യാനായി ‘ഡിലീറ്റ് ഫോർ എവരിവൺ’ എന്ന ഓപ്ഷൻ തെരഞ്ഞെടുക്കാം. എന്നാൽ, ഇല്ലാതാക്കിയ സന്ദേശങ്ങൾ പുനഃസ്ഥാപിക്കാൻ ഉപയോക്താക്കൾക്ക് സെക്കൻഡുകൾ മാത്രമേ ലഭിക്കൂ.
എന്നാൽ, ‘ഡിലീറ്റ് ഫോർ എവരിവൺ’ എന്ന ഓപ്ഷൻ ഉപയോഗിച്ച് നീക്കം ചെയ്തതിന് ശേഷം ‘അൺഡു ബട്ടൺ’ ഉപയോഗിച്ചാൽ, മറുപുറത്തുള്ള ആളുടെ ഫോണിൽ ആ സന്ദേശം തിരികെ വരില്ല, മറിച്ച് അയച്ചയാളിന്റെ ചാറ്റ് വിൻഡോയിൽ മാത്രമേ അത് കാണാൻ സാധിക്കൂ. വാട്‌സ്ആപ്പ് ബീറ്റ പതിപ്പ് ഉപയോഗിക്കുന്നവർക്ക് ഈ സവിശേഷത നൽകിത്തുടങ്ങിയിട്ടുണ്ട്. വരും ആഴ്ചകളിൽ എല്ലാ യൂസർമാർക്കും ലഭ്യമായേക്കും.
ഇതു കൂടാതെ സംഭാഷണങ്ങളിൽ കൂടുതൽ നിയന്ത്രണം വരുത്തുക, പ്രൈവസി എന്നിവ ലക്ഷ്യമിട്ടാണ് വാട്ട്സ്ആപ്പ് മറ്റ് ഫീച്ചറുകൾ കൂടി അവതരിപ്പിച്ചിരിക്കുന്നത്. എല്ലാവരേയും അറിയിക്കാതെ ഗ്രൂപ്പ് ചാറ്റുകളിൽ നിന്ന് ലെഫ്റ്റാകുക, ഓൺലൈനിലായിരിക്കുമ്പോൾ ആർക്കൊക്കെ കാണാനാകുമെന്നത് സെറ്റ് ചെയ്യുക, ഒരു തവണ കാണാൻ പറ്റുന്ന രീതിയിൽ അയയ്ക്കുന്ന മെസെജിന്റെ സ്‌ക്രീൻഷോട്ടുകൾ എടുക്കുന്നത് തടയുക എന്നിവയാണ് മറ്റ് ഫീച്ചറുകൾ.