ടൗണുകളിൽ അജൈവ മാലിന്യ ശേഖരണം തുടങ്ങി
![](https://edappalnews.com/wp-content/uploads/2023/01/Screenshot_2023-01-30-20-43-57-973_com.miui_.notes_.jpg)
![](https://edappalnews.com/wp-content/uploads/2023/01/IMG-20230129-WA0063-576x1024.jpg)
എടപ്പാൾ: വട്ടംകുളം ഗ്രാമപഞ്ചായത്തിന് കീഴിലുള്ള ഹരിതകർമ്മ സേന അംഗങ്ങൾ പഞ്ചായത്തിലെ പ്രധാന ടൗണുകളിൽ അജൈവ മാലിന്യ ശേഖരണം തുടങ്ങി. ആദ്യഘട്ടം എന്ന നിലയിൽ എടപ്പാൾ ടൗണിലാണ് പ്രവർത്തനം തുടങ്ങി വെച്ചിട്ടുള്ളത്. വീടുകളെ പോലെ ടൗണുകളേയും വൃത്തിയാക്കുന്നതിനു വേണ്ടിയും പൂർണ്ണമായി മാലിന്യ മുക്ത ടൗണാക്കി മാറ്റുന്നതിനും ലക്ഷ്യമിട്ടാണ് ഹരിതകർമ്മ സേന പ്രവർത്തനം തുടങ്ങിയിട്ടുള്ളത്. ടൗണുകളിലെ വ്യാപാരികളുടെ സഹകരണം ഉറപ്പാക്കുന്നതിനു വേണ്ടി കഴിഞ്ഞ ദിവസം വ്യാപാരി പ്രതിനിധികളുടെ മീറ്റിംഗ് കൂടിയിരുന്നു.
ഒന്നാം ഘട്ടം എടപ്പാളും പിന്നീട് നടുവട്ടവും വട്ടംകുളവും അജൈവ മാലിന്യ ശേഖരണം നടത്താനാണ് ഹരിത കർമ്മ സേന പ്രവർത്തനം ചിട്ടപ്പെടുത്തിയിട്ടുള്ളത്.
ഹരിത കർമ്മ സേനയുടെ ഈ യജ്ഞം ഇന്ന് എടപ്പാൾ ടൗണിൽ വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മജീദ് കഴുങ്ങിൽ ഹരിത കർമ്മ സേനകൊപ്പം കളക്ഷന് ഇറങ്ങി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പറും വ്യാപാരി വ്യവസായി സമിതി പ്രസിഡണ്ട് കൂടിയായ യു.പുരുഷോത്തമൻ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് ഇ.വി പ്രകാശ്, അസീസ് കരിമ്പനക്കൽ, ഐആർടിസി കോർഡിനേറ്റർ ഹാരിസ് മൂതൂർ എന്നിവർ ഹരിതകർമ്മ സേനക്കൊപ്പം പ്രചോദനം നൽകി. അവരുടെ പ്രവർത്തനത്തിൽ പങ്കാളികളായി. ടൗണുകളിലെ എല്ലാ കച്ചവടക്കാരും ഹരിത കർമ്മ സേന പ്രവർത്തകരോട് പൂർണ്ണമായി സഹകരിക്കണമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് ആവിശ്യപ്പെട്ടു. വ്യാപാരി സംഘടനാ നേതാക്കൾ സഹകരണം ഉറപ്പു നൽകുകയും ചെയ്തു.
![](http://edappalnews.com/wp-content/uploads/2025/01/logo.png)