Local newsMALAPPURAM
ട്രെയിനിൽ യാത്രക്കാരിയുടെ മാല മോഷ്ടിച്ചയാൾ പിടിയിൽ
വണ്ടൂർ ∙ നിലമ്പൂർ-ഷൊർണൂർ ട്രെയിനിൽ യാത്രക്കാരിയുടെ മാല മോഷ്ടിച്ച യുവാവിനെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവാലി നടുവത്ത് വടക്കേപ്പറമ്പിൽ ഹരിപ്രസാദ് (30) ആണ് അറസ്റ്റിലായത്. കഴിഞ്ഞ വ്യാഴം വൈകിട്ടു മകളോടൊപ്പം ട്രെയിനിൽ യാത്രചെയ്യുകയായിരുന്ന വണ്ടൂർ സ്വദേശിയായ സ്ത്രീയുടെ മാല പൊട്ടിച്ചെടുത്ത് പ്രതി കടന്നുകളഞ്ഞു.പരാതി നൽകിയതിനെ തുടർന്നു ഷൊർണൂർ റെയിൽവേ പൊലീസ് എസ്ഐ അനിൽ മാത്യുവിന്റെ നേതൃത്വത്തിൽ ആർപിഎഫ് കുറ്റാന്വേഷണ സംഘം സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണു പ്രതിയെ തിരിച്ചറിഞ്ഞത്. പൊലീസ് വീട്ടിലെത്തി പിടികൂടുന്നതിനിടെ പ്രതി കൈ ഞരമ്പു മുറിച്ചു. തുടർന്നു ആശുപത്രിയിലെത്തിച്ചു ചികിത്സ നൽകിയ ശേഷമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.