ട്യൂഷൻ ക്ലാസിലേക്ക് പോയ കുട്ടികളെ തട്ടിക്കൊണ്ടുപോയ പ്രതി പിടിയിൽ.
കുറ്റിച്ചിറയിൽ നിന്നും പന്ത്രണ്ടും പത്തും എട്ടും വയസ്സുള്ള ഉള്ള കുട്ടികളെ തട്ടിക്കൊണ്ടുപോയ പ്രതിയെ ടൗൺ പോലീസ് പിടികൂടി. ചക്കുംകടവ് നായ് പാലം സ്വദേശിയായ ജയേഷ് എന്ന ജബ്ബാറിനെയാണ് പിടികൂടിയത്. ഒക്ടോബർ 26 നായിരുന്നു കേസിനാസ്പദമായ സംഭവം. ട്യൂഷൻ ക്ലാസിലേക്ക് പോയ കുട്ടികളെ പ്രതി വളർത്തു മീനിനെ വാങ്ങി തരാം എന്ന് പറഞ്ഞു കുറ്റിച്ചിറയിൽ നിന്നും ഗുജറാത്തി സ്ട്രീറ്റിലെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് തട്ടി കൊണ്ടുപോവുകയായിരുന്നു. ഇതിൽ രണ്ടു കുട്ടികൾ ഗുജറാത്തി സ്ട്രീറ്റിൽ നിന്നും ഓടി പോവുകയും 10 വയസ്സുകാരനെ ഇയാൾ നിർത്തിയിട്ട ഗുഡ്‌സ് വണ്ടിയിൽ കയറ്റി ഇരുത്തുകയുമായിരുന്നു.
ഒരു കാർ വരുമെന്നും അതിൽ കയറി നമുക്ക് ബീച്ചിലൂടെ കറങ്ങാം എന്നും പറഞ്ഞതിൽ കുട്ടി പേടിച്ച് ഗുഡ്‌സിൽ നിന്ന് ഇറങ്ങി ഓടി ഓടിരക്ഷപ്പെടുകയായിരുന്നു. അന്വേഷണത്തിനിടെ കുട്ടികളുടെ മൊഴിയിൽ നിന്നും സിസിടിവി പരിശോധനയിലൂടെയും പ്രതിയെ തിരിച്ചറിഞ്ഞ പോലീസ് കഴിഞ്ഞ ദിവസം രാത്രി മുഖദാറിൽ വെച്ച് ഇയാളെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്റ് ചെയ്തു. ടൗൺ പോലീസ് സ്റ്റേഷനിലെ എസ് ഐ മാരായ ഷൈജു. സി, സുനിൽകുമാർ, സീനിയർ സിപിഒ സജേഷ് കുമാർ, സിപിഒ മാരായ, പ്രബീഷ്, ഷിജിത്ത് എന്നിവരാണ് പ്രതിയെ പിടികൂടിയത്.