ടൂറിസ്റ്റ് ബസ് കാറിനുമുകളിലേക്ക് മറിഞ്ഞ് അപകടം; അഞ്ച് പേർക്ക് പരിക്ക്
തൃശൂർ: ദേശീയപാത തൃശ്ശൂർ – ആമ്പല്ലൂർ സിഗ്നൽ ജംക്ഷനിൽ ടൂറിസ്റ്റ് ബസ് കാറിനുമുകളിലേക്ക് മറിഞ്ഞ് അപകടം. ബസ് യാത്രികരായ 5 പേർക്ക് പരുക്കേറ്റു. ഇന്നു പുലർച്ചെ 5.30ഓടെയായിരുന്നു അപകടം. ആമ്പല്ലൂർ സിഗ്നലിൽ നിർത്തിയിട്ടിരുന്ന കാറിനു മുകളിലേയ്ക്ക് നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് മറിഞ്ഞായിരുന്നു അപകടം ഉണ്ടായത്.
ഒരു മണിക്കൂറോളം ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. കാറിന്റെ പിൻസീറ്റിൽ യാത്രക്കാരില്ലാതിരുന്നത് രക്ഷയായി. പുതുക്കാട് പൊലീസും അഗ്നിരക്ഷാസേനയും എത്തി രക്ഷാപ്രവർത്തനം നടത്തി. വേഗത്തിൽ വന്നിരുന്ന ബസ് സിഗ്നലിൽ നിർത്തിയിട്ടിരിക്കുന്ന കാറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചതാണ് അപകടകാരണമെന്ന് പറയുന്നു. കാസർകോടുനിന്നും മൂന്നാറിലേക്ക് വിനോദയാത്രപോയ ബസും മൂർക്കനാട് നിന്നും തൊടുപുഴയിലേക്ക് പോയിരുന്ന കാറുമാണ് അപകടത്തിൽപ്പെട്ടത്.
ആമ്പല്ലൂർ സിഗ്നലിൽ അടിക്കടി അപകടങ്ങൾ പതിവാണ്. കഴിഞ്ഞ ദിവസം ഒരു അപകടത്തിൽ ആമ്പല്ലൂരിലെ ട്രാഫിക് സിഗ്നൽ ലൈറ്റ് തകർന്നിരുന്നു. അത് ഇനിയും പുനസ്ഥാപിച്ചിട്ടില്ല. തൊട്ടടുത്ത റോഡിൽ അത് മാറ്റിയിട്ട നിലയിലാണ്. ഈ സിഗ്നൽ ലെെറ്റ് സ്ഥാപിക്കാത്തത് മൂലം ചാലക്കുടി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്ക് ശരിയായി സിഗ്നൽ കാണാനാകുന്നില്ലെന്നും ആക്ഷേപമുണ്ട്.