KERALA

ടിക്കറ്റ് നിരക്ക് കൂട്ടണം; സ്വകാര്യ ബസുടമകള്‍ ചൊവ്വാഴ്ച മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്.

ചൊവ്വാഴ്ച മുതല്‍ സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക് . വിദ്യാര്‍ത്ഥികളുടെ ഉള്‍പ്പടെയുള്ള യാത്രാനിരക്ക് വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ഡീസല്‍ സബ്‌സിഡി നല്‍കണമെന്നും ബസുടമകളുടെ സംഘടന ആവശ്യപ്പെട്ടു.

മിനിമം ചാര്‍ജ് 12 രൂപയാക്കണം എന്നാണ് സ്വകാര്യ ബസുടമകളുടെ പ്രധാന ആവശ്യം. വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ്ജ് 6 രൂപയാക്കണം, കി.മീ. 1 രൂപയായി വര്‍ദ്ധിപ്പിക്കണം, തുടര്‍ന്നുള്ള ചാര്‍ജ് യാത്ര നിരക്കിന്റെ 50 ശതമാനമാക്കണം എന്നിവയാണ് മറ്റ് ആവശ്യങ്ങള്‍. ബസ്സുടമ സംയുക്ത സമിതിയാണ് സമരം പ്രഖ്യാപിച്ചത്. കൊവിഡ് കാലം കഴിയുന്നത് വരെ വാഹന നികുതി ഒഴിവാക്കണമെന്നും ബസ്സുടമകളുടെ സംയുക്ത സമിതി ആവശ്യപെട്ടു.

ഇതുസംബന്ധിച്ച് ബസുടമകള്‍ ഗതാഗത മന്ത്രിക്ക് നോട്ടീസ് നല്‍കി. ബസ് ഉടമകളുടെ ആവശ്യം ന്യായമാണെന്നായിരുന്നു ഗതാഗത മന്ത്രിയുടെ നിലപാട്. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ ചാര്‍ജ്ജ് വര്‍ധന എന്ന ആവശ്യം എത്രത്തോളം നടപ്പാക്കാന്‍ കഴിയുമെന്ന് അറിയില്ലെന്നും ആന്റണി രാജു നേരത്തെ പ്രതികരിച്ചിരുന്നു.

അതേസമയം, ഭരണ പ്രതിപക്ഷ ട്രേഡ് യൂണിയനുകള്‍ പണിമുടക്ക് സമരം തുടരുന്നതിനിടെ സംസ്ഥാനത്ത് ഇന്ന് കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ പൂര്‍ണമായി നിലച്ചു. എല്ലാ ജില്ലകളിലും യാത്ര ചെയ്യാനാകാതെ ജനം പെരുവഴിയിലാകുകയാണ്. ദീര്‍ഘ ദൂര യാത്രക്കാരാണ് വലയുന്നതിലേറെയും. സ്വകാര്യ ബസ് സര്‍വീസ് വേണ്ടത്ര ഇല്ലാത്ത ഇടങ്ങളില്‍ ഓട്ടോയും മറ്റുമാണ് പൊതുജനത്തിന് ആശ്രയം. പണിമുടക്ക് സ്‌കൂള്‍, ഓഫീസ് എന്നിവിടങ്ങളിലെ ഹാജര്‍ നിലയേയും സാരമായി ബാധിച്ചു.

ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ടാണ് കെഎസ്ആര്‍ടിസിയിലെ അംഗീകൃത ട്രേഡ് യൂണിയനുകള്‍ അര്‍ധരാത്രി മുതല്‍ സൂചന പണിമുടക്ക് തുടങ്ങിയത്.ഭരണാനുകൂല സംഘടനയായ എംപ്‌ളോയീസ് അസോസിയേഷനും ,ബിഎംഎസിന്റെ എംപ്‌ളോയീസ് സംഘും 24 മണിക്കൂര്‍ പണിമുടക്കാണ് നടത്തുന്നത്. AITUC വിന്റെ ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയിസ് യൂണിയനും ഐഎന്‍ടിയുസി നേതൃത്വത്തിലുള്ള ടിഡിഎഫും നാളേയും പണിമുടക്കും. സമരത്തെ നേരിടാന്‍ ഡയസ്‌നോണ്‍ ബാധമാക്കി ഉത്തരവിറക്കിയിരുന്നു. ഇന്നും നാളെയും ജോലിക്ക് എത്താത്തവരുടെ ശമ്പളം പിടിക്കും. എന്നാല്‍ ഇതിനെ തള്ളിയാണ് യൂണിയനുകള്‍ സമരവുമായി മുന്നോട്ട് പോകുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button