EDAPPALLocal news
സ്ഥലം കിട്ടിയാൽ എടപ്പാളിൽ ബസ് സ്റ്റാൻഡിന് നടപടി;കെ ടി ജലീൽ

എടപ്പാൾ: എടപ്പാളിൽ ബസ് സ്റ്റാൻഡിന് സ്ഥലം ലഭ്യമാക്കാൻ തദ്ദേശ സ്ഥാപനങ്ങൾ മുന്നോട്ടു വന്നാൽ ആവശ്യമായ ഭൗതിക സാഹചര്യം ഒരുക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് കെ.ടി.ജലീൽ എംഎൽഎ.ആവശ്യമായ സ്ഥലം ലഭിക്കാത്തതാണ് എടപ്പാൾ ബസ് സ്റ്റാൻഡ് എന്ന സ്വപ്നം പൂവണിയാനുള്ള തടസ്സം. ലഭ്യമായ ഭൂമിക്ക് വലിയ വിലയാണ് പലരും ആവശ്യപ്പെടുന്നത്. കൂടിയ തുകയ്ക്ക് ഭൂമി ഏറ്റെടുത്ത് ബസ് സ്റ്റാൻഡ് നിർമിക്കുക പ്രായോഗികവും അല്ല. ഈ ആവശ്യവുമായി തദ്ദേശ സ്ഥാപനങ്ങൾ മുന്നോട്ടു വന്നാൽ ഭൗതിക സാഹചര്യം ഒരുക്കാൻ ശ്രമിക്കും. പാലം വരുന്നതോടെ ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകും. എങ്കിലും നിലവിൽ വിവിധ ഭാഗങ്ങളിലേക്ക് ബസിൽ പോകേണ്ടവർ നാലു റോഡിലും കാത്തുനിൽക്കേണ്ട അവസ്ഥയാണ്. ഇതിന് ശാശ്വത പരിഹാരം ബസ് സ്റ്റാൻഡ് യാഥാർഥ്യമാക്കുക എന്നതു തന്നെയാണെന്നും എം എൽ എ പറഞ്ഞു.
