‘ഞങ്ങള്‍ക്കും ജീവിക്കണ്ടേ? തല്ലിക്കൊല്ലുകയല്ല വേണ്ടത്’; ഡ്രൈവറുടെ മരണത്തില്‍ ഓട്ടോ തൊഴിലാളി പ്രതിഷേധം

മലപ്പുറം: കോഡൂരില്‍ സ്വകാര്യ ബസ് ജീവനക്കാരുടെ മർദനമേറ്റ് ഓട്ടോറിക്ഷാ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ശക്തമായ പ്രതിഷേധവുമായി ഓട്ടോറിക്ഷാ തൊഴിലാളികള്‍ ദേശീയപാതയിലിറങ്ങി ബസ്സുകള്‍ തടഞ്ഞ് തൊഴിലാളികള്‍ പ്രതിഷേധിച്ചു. സ്ഥലത്ത് പോലീസ് എത്തിയെങ്കിലും ഡ്രൈവർമാർ പ്രതിഷേധം തുടരുകയാണ്.
‘ഞങ്ങള്‍ക്കും ഇവിടെ ജീവിക്കേണ്ടേ? ഒരു കുടുംബത്തിന്റെ അത്താണിയാണ് നഷ്ടമായത്. അതില്‍ പ്രതിഷേധിച്ച് ബസ്സ് തടഞ്ഞതില്‍ പോലീസ് അറസ്റ്റ് ചെയ്താല്‍ അത് നീതിയാണോ? ആ കുടുംബത്തിന് നീതി കിട്ടുന്നതുവരെ ഒതുക്കുങ്ങലിലുള്ള ഓരോ ഓട്ടോതൊഴിലാളികളും ആ കുടുംബത്തിന്റെ കൂടെത്തന്നെയുണ്ടാകും. ഞങ്ങളും ടാക്സ് കൊടുക്കുന്നുണ്ട്. മൂന്ന് ചക്രത്തിനുള്ള ടാക്സ് ഞങ്ങളും അടയ്ക്കുന്നുണ്ട്. ആരെങ്കിലും കൈകാണിച്ചാല്‍ വണ്ടി നിർത്തിക്കൊടുക്കാനുള്ള നിയമവും ഞങ്ങള്‍ക്കുണ്ട്. സാധാരണക്കാരന്റെ വണ്ടിയാണ് ഓട്ടോറിക്ഷ’, പ്രതിഷേധിച്ചവരില്‍ ഒരാള്‍ പ്രതികരിച്ചു.
തങ്ങളെ കൈയേറ്റം ചെയ്യാനുള്ള അധികാരം ബസ് ഡ്രൈവർമാർക്കില്ലെന്നും പ്രശ്നമുപണ്ടായാല്‍ പരാതി നല്‍കുകയാണ് ചെയ്യേണ്ടതെന്നും അടിച്ചുകൊല്ലുകയല്ല വേണ്ടതെന്നും ഈ അവസ്ഥ തുടരരുതെന്നും പ്രതിഷേധക്കാർ പറഞ്ഞു.
വെള്ളിയാഴ്ച രാവിലെയാണ് ഓട്ടോറിക്ഷാ ഡ്രൈവർ മാണൂർ സ്വദേശി അബ്ദുല്‍ ലത്തീഫിനെ തിരൂർ-മഞ്ചേരി റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസ് ജീവനക്കാർ മർദിച്ചത്. വടക്കേമണ്ണയിലെ ബസ് സ്റ്റോപ്പില്‍നിന്ന് യാത്രക്കാരെ കയറ്റിയതാണ് ആക്രമണത്തിന് കാരണം. പരിക്കേറ്റ ലത്തീഫ് ഓട്ടോ ഓടിച്ച് മലപ്പുറം താലൂക്ക് ആശുപത്രിയിലെത്തി. അവിടെവെച്ച് കുഴഞ്ഞുവീണാണ് ലത്തീഫ് മരിച്ചത്. സംഭവത്തില്‍ ബസ് ജീവനക്കാരായ മൂന്ന് പേരെ പോലീസ് കസ്റ്റഡയിലെടുത്തിട്ടുണ്ട്.
