ജീവിതശൈലീരോഗങ്ങള്‍ നിയന്ത്രിക്കാന്‍ പ്രചാരണ പരിപാടികള്‍ക്ക് രൂപം നല്‍കും: ജില്ലാകലക്ടര്‍
![](https://edappalnews.com/wp-content/uploads/2025/01/2098999-untitled-1.webp)
മലപ്പുറം: ഘട്ടം ഘട്ടമായ പ്രവര്‍ത്തനങ്ങളിലൂടെയും പ്രചാരണ പരിപാടികളിലൂടെയും പത്ത് വര്‍ഷം കൊണ്ട് ജില്ലയിലെ പ്രമേഹരോഗികളുടെ എണ്ണം 10 ശതമാനത്തില്‍ താഴെയാക്കിമാറ്റുമെന്ന് ജില്ലാ കലക്ടര്‍ വി.ആര്‍ വിനോദ്. ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന ജീവിതശൈലീരോഗ നിയന്ത്രണ ക്യാംപയിനുമായി ബന്ധപ്പെട്ട് കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹോട്ടലുകളില്‍ ആരോഗ്യകരമായ ഭക്ഷണം ഉറപ്പാക്കുന്ന വിധത്തില്‍ ഹെല്‍ത്തി പ്ലേറ്റുകള്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ പറഞ്ഞു. പഞ്ചസാരയും കാര്‍ബോ ഹൈഡ്രേറ്റ്‌സും കുറവുള്ള പോഷകസമൃദ്ധമായ ഭക്ഷണം ഹോട്ടലുകളില്‍ ലഭ്യമാക്കുക എന്നതാണ് ഹെല്‍ത്തി പ്ലേറ്റ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. എന്ത് ഭക്ഷണം കഴിക്കണമെന്നത് ഒരു വ്യക്തിയുടെ സ്വന്തം തെരഞ്ഞെടുപ്പാണ്. എന്നാല്‍ ആരോഗ്യകരമായ ഭക്ഷണത്തെക്കുറിച്ച് അവബോധമുണ്ടാക്കുന്നതിനും അത് ലഭ്യമാക്കുന്നതിനുമാണ് ജില്ലാഭരണകൂടം മുന്‍കൈയെടുക്കുന്നത്. ഇതുവഴി പ്രമേഹം ഉള്‍പ്പെടെ ജീവിതശൈലീരോഗങ്ങളില്‍ നിന്ന് പൂര്‍ണമായും മുക്തിനേടാനാവുമെന്നും അദ്ദേഹം വിശദീകരിച്ചു.
സര്‍ക്കാര്‍ ജീവനക്കാര്‍ക്കിടയില്‍ വ്യായാമം പ്രോത്സാഹിപ്പിക്കുമെന്നും ജീവനക്കാരില്‍ കൃത്യമായ ഇടവേളകളില്‍ ആരോഗ്യപരിശോധന നടത്തുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍ രേണുക പറഞ്ഞു. ടെക്‌നിക്കല്‍ അസിസ്റ്റന്റ് വി.വി ദിനേശ് ജീവിതശൈലീരോഗ നിയന്ത്രണ പ്രചാരണ പരിപാടികളുടെ ഭാഗമായി ജില്ലയില്‍ നടപ്പാക്കേണ്ട കര്‍മപരിപാടികള്‍ അവതരിപ്പിച്ചു. ഹോട്ടല്‍ ആന്‍ഡ് റസ്‌റ്റോറന്റ് അസോസിയേഷന്‍ ഭാരവാഹികള്‍, സന്നദ്ധ സംഘടനാപ്രതിനിധികള്‍, സര്‍വീസ് സംഘടനാഭാരവാഹികള്‍, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
![](http://edappalnews.com/wp-content/uploads/2025/01/logo.png)