ജില്ലാ ജഡ്ജി ഇടപെട്ട് ശബ്ദം കുറപ്പിച്ചു’; പാലക്കാട് നടത്തിയ ഫ്‌ളാഷ് മോബില്‍ വിവാദം


പാലക്കാട് ക്യാപ്റ്റന്‍ ലക്ഷ്മി സൈഗാളിനെ ആദരിച്ച് നടത്തിയ ഫ്‌ളാഷ് മോബിന്റെ ശബ്ദം കുറപ്പിച്ചത് വിവാദത്തില്‍. ജില്ലാ ജഡ്ജി ഇടപെട്ട് ശബ്ദം കുറപ്പിച്ചത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നു കയറ്റാണെന്ന് ആരോപിച്ച് യുവമോര്‍ച്ച രംഗത്തെത്തി. ശബ്ദം കുറച്ചതു മൂലം നൃത്തത്തിന്റെ ഇഫക്ട് കുറഞ്ഞതായി വിദ്യാര്‍ത്ഥിനികളും പ്രതികരിച്ചു.
ആസാദി ക അമൃത് മഹോത്സവത്തിന്റെ ഭാഗമായിഇന്നലെ കളക്ടറേറ്റ് വളപ്പിലാണ് ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചത്. പാലക്കാട് മേഴ്‌സി കോളജിലെ വിദ്യാര്‍ത്ഥിനികളാണ് 15 മിനിറ്റുള്ള പരിപാടി അവതരിപ്പിച്ചത്. ഫ്‌ളാഷ് മോബ് തുടങ്ങിയപ്പോള്‍ തന്നെ ജില്ലാ കോടതിയില്‍ നിന്നും ജീവനക്കാരെത്തി ശബ്ദം കുറയ്ക്കാന്‍ ആവശ്യപ്പെട്ടു.ശബ്ദം സമീപത്തുള്ള കോടതിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
തുടക്കം മുതലേ ശബ്ദം കുറച്ചാണ് പരിപാടി സംഘടിപ്പിച്ചതെന്ന് വിദ്യാര്‍ത്ഥിനികള്‍ പറയുന്നു. നടപടി തീര്‍ത്തും പ്രതിഷേധാര്‍ഹമാണെന്ന് യുവമോര്‍ച്ച പ്രതികരിച്ചു. മുന്‍കൂട്ടി അനുമതി വാങ്ങി നടത്തിയ പരിപാടി ഇത്തരത്തില്‍ തടസപ്പെടുത്തിയത് ശരിയായില്ലെന്നാണ് യുവമോര്‍ച്ച നിലപാട്. ജില്ലാ ജഡ്ജി ഇടപെട്ട് മുന്‍പ് നീനാ പ്രസാദിന്റ നൃത്ത പരിപാടിയുടെ ശബ്ദം കുറപ്പിച്ചത് വിവാദമായിരുന്നു.
