ജില്ലയിലെ അതിദാരിദ്ര കുടുംബങ്ങൾക്കു ഭൂമി കണ്ടെത്താൻ ഉടൻ നടപടി സ്വീകരിക്കും- മന്ത്രി വി. അബ്ദുറഹിമാൻ

മലപ്പുറം ജില്ലയിൽ അതിദാരിദ്ര്യ കുടുംബങ്ങളിൽപെട്ട ഭൂരഹിത ഭവനരഹിതരായ കുടുംബങ്ങൾക്കു ഭൂമി കണ്ടെത്തുന്നതിനായി ഉടൻ നടപടി സ്വീകരിക്കുമെന്നു ജില്ലയുടെ ചുമതലയുള്ള കായിക – ന്യൂനപക്ഷ ക്ഷേമ – ഹജ്ജ് – വഖഫ് വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു.
ജില്ലയിൽ ഭൂരഹിത ഭവനരഹിതരായി കണ്ടെത്തിയിട്ടുള്ള 502 കുടുംബങ്ങൾക്കാണ് ഇനി ഭൂമി കണ്ടെത്താനുള്ളത് . ഇതിൽ 166 പേര് ഏകാംഗ കുടുംബങ്ങൾ ആണ്. ശേഷിക്കുന്ന 336 കുടുംബങ്ങൾക്ക് ഭൂമി കണ്ടെത്തുന്നതിനും ഭവന നിർമ്മാണത്തിന് സ്പോൺസർഷിപ്പിനുമായി മന്ത്രിയുടെ നേതൃത്വത്തിൽ താലൂക്ക് തലങ്ങളിൽ വിവിധ വകുപ്പുകളുടെയും ഭൂവുടമകളുടെയും യോഗം വിളിക്കും.
ഇതുമായി ബന്ധപ്പെട്ട് മന്ത്രിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ ജില്ലാ കളക്ടർ വി.ആർ വിനോദ്, സബ് കളക്ടർമാരായ അപൂർവ ത്രിപാദി, ദിലീപ് കെ കൈനിക്കര, ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
കരുതലും കൈത്താങ്ങും അദാലത്തുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിലെ വിവിധ താലൂക്കുകളിൽ ലഭിച്ച പരാതികൾ പരിഹരിച്ചതിന്റെ പുരോഗതിയും യോഗം വിലയിരുത്തി. പരാതികൾ പരിഹരിക്കുന്നതിൽ സർക്കാറിന്റെ ഇടപെടൽ ആവശ്യമുള്ള വിഷയങ്ങൾ ഉടനടി സർക്കാരിൻ്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ മന്ത്രി നിർദേശം നൽകി.
