ജിബിലീ ട്രെൻഡില്‍ ഫോട്ടോ ഇട്ടോ ; എങ്കില്‍ ഇനി പണി കിട്ടാതെ സൂക്ഷിച്ചോ

സമൂഹമാധ്യമങ്ങളിലെ ഇപ്പോഴത്തെ ട്രെന്‍ഡ് ജിബിലിയാണ്. എല്ലാവരും ‘ജിബ്ലിഫൈ’ ചെയ്ത കുടുംബാംഗങ്ങളുടെയും പങ്കാളികളുടെയും സുഹൃത്തുക്കളുടെയും ചിത്രങ്ങള്‍ ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലുമെല്ലാം പങ്കുവെയ്ക്കുന്ന തിരക്കിലാണ്.
എന്നാല്‍ ഇത്തരം എഐ പ്ലാറ്റ്‌ഫോമുകളില്‍ ചിത്രങ്ങളുള്‍പ്പെടെയുളള വ്യക്തിഗത വിവരങ്ങള്‍ പങ്കുവെയ്ക്കുന്നതിന് മുന്‍പ് രണ്ടുതവണ ആലോചിക്കണമെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് വിദഗ്ദര്‍. എഐ പ്ലാറ്റ്‌ഫോമുകളിലേക്ക് ഫോട്ടോകള്‍ അപ്‌ലോഡ് ചെയ്യുമ്ബോള്‍ നാം പ്രതീക്ഷിക്കാത്ത തരത്തില്‍ അവ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയുണ്ട്.
എഐയെ അതിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ പരിശീലിപ്പിക്കുന്നതിനായി നിങ്ങളുടെ ചിത്രങ്ങള്‍ ചിലപ്പോള്‍ ഉപയോഗിക്കപ്പെട്ടേക്കാം. അതായത് നിങ്ങളുടെ അനുമതിയില്ലാതെ തന്നെ നിങ്ങളുടെ ചിത്രങ്ങള്‍ ഒരു വലിയ ഡാറ്റാ സെറ്റിന്റെ ഭാഗമാകാന്‍ സാധ്യതയുണ്ട്. ഡാറ്റാ സെക്യൂരിറ്റിയാണ് അടുത്ത ആശങ്ക. നിങ്ങള്‍ അപ്‌ലോഡ് ചെയ്യുന്ന ചിത്രങ്ങള്‍ എപ്പോള്‍ എവിടെവെച്ച് എടുത്തു എന്നതുള്‍പ്പെടെയുളള വിശദാംശങ്ങള്‍ ഈ പ്ലാറ്റ്‌ഫോമുകള്‍ക്ക് ലഭ്യമാകും. ഇതിനെ മെറ്റ ഡാറ്റ എന്നാണ് വിളിക്കുന്നത്. മെറ്റ ഡാറ്റയില്‍ നിങ്ങളുടെ സ്ഥലം, ചിത്രം എടുത്ത സമയം, ഉപയോഗിച്ച ഡിവൈസ് എന്നിവ പോലുളള സെന്‍സിറ്റീവ് വിവരങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടാകാം.
ഈ വിവരങ്ങള്‍ ചോരുന്നത് അല്ലെങ്കില്‍ ദുരുപയോഗം ചെയ്യപ്പെടുന്നത് നിങ്ങളുടെ സ്വകാര്യതയെ ബാധിച്ചേക്കാം. ദുരുപയോഗ സാധ്യതയാണ് മറ്റൊരു ആശങ്ക. ഇത്തരം പ്ലാറ്റ് ഫോമുകളിലേക്ക് പങ്കുവെയ്ക്കുന്ന സ്വകാര്യ ചിത്രങ്ങള്‍ നിങ്ങളെ അപകീര്‍ത്തിപ്പെടുത്താനും ഭീഷണിപ്പെടുത്താനും ഉപയോഗിക്കപ്പെട്ടേക്കാം. കുട്ടികളുടെ സുരക്ഷയെക്കുറിച്ചും ആശങ്കകളുയരുന്നുണ്ട്. കുട്ടികളുടെ ചിത്രങ്ങള്‍ എഐ പ്ലാറ്റ്‌ഫോമുകളില്‍ പങ്കുവെയ്ക്കുന്നത് അവരെ അനാവശ്യമായ അപകടങ്ങളിലേക്ക് നയിച്ചേക്കാമെന്നും വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.
അതായത്, ഫോട്ടോകളെ ജിബിലി ആര്‍ട്ടാക്കി മാറ്റുന്നത് രസകരമായ ഒരു കാര്യമാണെങ്കിലും നിങ്ങളുടെ സ്വകാര്യ ചിത്രങ്ങള്‍ പങ്കുവെയ്ക്കും മുന്‍പ് രണ്ടുതവണ ആലോചിക്കുന്നത് നല്ലതായിരിക്കും. ടോക്കിയോ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ലോകപ്രശസ്ത ജാപ്പനീസ് അനിമേഷന്‍ സ്റ്റുഡിയോയാണ് ‘സ്റ്റുഡിയോ ജിബിലി’. 1985-ല്‍ അനിമേറ്റര്‍മാരും സംവിധായകരുമായ മിയാസാക്കി ഹയാവോ, തകഹാട്ട ഇസാവോ, സുസുകി തോഷിയോ എന്നിവര്‍ ചേര്‍ന്നാണ് സ്റ്റുഡിയോ സ്ഥാപിച്ചത്. ജിബിലിയുടെ അനിമേറ്റഡ് സിനിമകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് അനിമേഷന്‍ സ്‌റ്റൈല്‍ പോര്‍ട്രെയ്റ്റുകള്‍ എളുപ്പത്തില്‍ ക്രിയേറ്റ് ചെയ്യാനാകുന്ന ഫീച്ചര്‍ ഓപ്പണ്‍ എഐ ചാറ്റ് ജിപിടിയില്‍ കൊണ്ടുവന്നതോടെയാണ് ജിബിലി ട്രെന്‍ഡായത്.













