ജാനകി വി’ തിയറ്ററുകളിലേക്ക്; പ്രദർശനാനുമതി നൽകി സെൻസർ ബോർഡ്

കൊച്ചി: സുരേഷ് ഗോപി ചിത്രം ജെഎസ്കെ- ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയ്ക്ക് പ്രദർശനാനുമതി നൽകി സെൻസർ ബോർഡ്. ചിത്രത്തിന്റെ റീ എഡിറ്റ് ചെയ്ത പതിപ്പ് സെൻസർ ബോർഡ് അംഗീകരിച്ചു. എട്ട് മാറ്റങ്ങളോടെയാണ് ചിത്രം തിയറ്ററുകളിലെത്തുക. റിലീസ് ഉടനെ ഉണ്ടാകുമെന്നും അണിയറപ്രവർത്തകർ അറിയിച്ചു. യു എ സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.
കോടതിയിൽ വിചാരണ നടക്കുന്ന ഭാഗത്ത് അനുപമ അവതരിപ്പിക്കുന്ന കഥാപാത്രത്തെ പേരെടുത്ത് വിളിക്കുന്ന ഭാഗം മ്യൂട്ട് ചെയ്തിട്ടുണ്ട്. ജാനകി വി എന്ന് ചിത്രത്തിന്റെ സബ് ടൈറ്റിലും മാറ്റിയിട്ടുണ്ട്. ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തിന്റെ പേര് ജാനകി എന്ന് ഉപയോഗിക്കുന്നതിന് പകരം കഥാപാത്രത്തിന്റെ മുഴുവൻ പേരായ ജാനകി വിദ്യാധരൻ എന്നോ ജാനകി വി എന്നോ ഉപയോഗിക്കണം എന്നായിരുന്നു സെൻസർ ബോർഡ് നിർദേശിച്ചത്.
ജാനകിയുടെ പേര് ഉപയോഗിക്കുന്ന കോടതി രംഗത്തിലെ ഒരു സംഭാഷണം മാറ്റുകയോ മ്യൂട്ട് ചെയ്യുകയോ വേണമെന്നും സെൻസർ ബോർഡ് നിർദേശിച്ചിരുന്നു. ഇതിനെതിരെ ചിത്രത്തിന്റെ നിർമാതാക്കൾ കോടതിയെ സമീപിച്ചു.
പീഡനത്തിരയായി ഗർഭിണിയായ യുവതിയെയാണ് അനുപമ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ഈ കഥാപാത്രത്തിന് ജാനകി എന്ന പേര് നൽകിയതാണ് വിവാദമായത്.
