kannur

ജയിൽ ചാടിയ ഗോവിന്ദച്ചാമി പിടിയിൽ; കണ്ണൂർ തളാപ്പിൽ നിന്ന് പിടികൂടി

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ജയിൽ ചാടിയ ഗോവിന്ദച്ചാമി പിടിയിലായി. കണ്ണൂരിൽ നിന്നാണ് ഗോവിന്ദച്ചാമിയെ പിടികൂടിയത്. ഇന്നുപുലർച്ചെയായിരുന്നു ഇയാൾ ജയിൽ ചാടിയത്. വിവരം അറിഞ്ഞത് മുതൽ വ്യാപക പരിശോധന ആരംഭിച്ചിരുന്നു.

കണ്ണൂര്‍ നഗരത്തില്‍ തളാപ്പിലെ ഒരു വീട്ടിൽ നിന്നാണ് ഗോവിന്ദച്ചാമി പിടിയിലായത്. ഈ വീട്ടിൽ ആൾതാമസം ഇല്ലായിരുന്നു. ജയിൽ ചാടിയ കൊലക്കേസ് പ്രതി പിടിയിലായെന്ന് ഡിവെെഎസ്പി ഓഫീസിൽ നിന്നും വിവരം സ്ഥിരീകരിച്ചു.

പോലീസ് തിരച്ചില്‍ നടത്തുന്നതിനിടെ തളാപ്പ് പരിസരത്ത് വച്ച് ഒരു കൈ ഇല്ലാത്ത ഒരാളെ സംശയകരമായി കാണുകയായിരുന്നു. ഗോവിന്ദച്ചാമി എന്ന് ഉറക്കെ വിളിച്ചതോടെ ഇയാള്‍ സമീപത്ത് കാടുപിടിച്ച് കിടക്കുന്ന പ്രദേശത്തേക്ക് ഓടിയെന്നാണ് റിപ്പോർട്ട്. പ്രദേശത്തുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിച്ചു.

അർദ്ധരാത്രിക്ക് ശേഷമാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ അതീവ സുരക്ഷാ ബ്ലോക്കില്‍ നിന്നും ഗോവിന്ദച്ചാമി രക്ഷപ്പെട്ടത്. രക്ഷപ്പെടുമ്പോള്‍ കറുത്ത പാന്റും ഷര്‍ട്ടുമാണ് ധരിച്ചിരുന്നതെന്ന് പോലീസ് അറിയിച്ചിരുന്നു. സെല്‍കമ്പികള്‍ വളച്ച് മതില്‍ ചാടുകയായിരുന്നു.

അലക്കാൻ വെച്ചിരുന്ന തുണികൾ കൂട്ടിക്കെട്ടി വടമുണ്ടാക്കി. പിന്നീട് മതിലിന് മുകളിലുള്ള ഫെൻസിങിൽ തുണികുരുകി. അതേ തുണി ഉപയോഗിച്ച് ഇയാൾ മതിലിൽ നിന്ന് താഴേക്കിറങ്ങുകയായിരുന്നു.

രാവിലെ പരിശോധനക്കായി ജയിൽ ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് രക്ഷപ്പെട്ട വിവരം അറിയുന്നത്. തമിഴ്നാട് വിരുദാചലം സ്വദേശിയാണ് ഗോവിന്ദച്ചാമി. ചാർളി തോമസ് എന്ന പേരിലും ഇയാൾക്കെതിരെ തമിഴ്നാട് പൊലീസ് രേഖകളിൽ കേസുകളുണ്ട്.

ഇയാള്‍ക്ക് പുറത്തുനിന്ന് സഹായം ലഭിച്ചെന്നും സംശയമുണ്ട്. ജയില്‍ ചാടി 6 മണിക്കൂറിന് ശേഷമാണ് അധികൃതര്‍പോലും വിവരം അറിഞ്ഞത്. മതിലിനരികെ തുണി കണ്ടപ്പോഴാണ് സംശയം തോന്നിയതും പരിശോധന ആരംഭിച്ചതും. ജയിലിലെ ട്രെയിനിങ് ഉദ്യോഗസ്ഥരാണ് തുണി കണ്ടെത്തിയത്.

ഒരു കൈമാത്രമാണ് ഗോവിന്ദച്ചാമിക്കുള്ളത്. സൗമ്യാ വധക്കേസില്‍ ഗോവിന്ദച്ചാമിക്ക് ആദ്യം വധശിക്ഷ വിധിച്ചിരുന്നു. പിന്നീട് ശിക്ഷ ജീവപര്യന്തമായി കുറയ്ക്കുകയായിരുന്നു.

2011 ഫെബ്രുവരി ഒന്നിനാണ് കൊച്ചി-ഷൊർണ്ണൂർ പാസഞ്ചർ തീവണ്ടിയിൽ സഞ്ചരിച്ച കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരി സൗമ്യ (23) ക്രൂര പീഡനത്തിന് ഇരയായത്. ഫെബ്രുവരി ആറിന് തൃശ്ശൂർ മെഡിക്കൽ കോളജിൽവച്ച് സൗമ്യ മരിച്ചു.

കോളിളക്കം സൃഷ്ടിച്ച കേസിൽ ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ചിരുന്നെങ്കിലും സംശയത്തിന്റെ ആനുകൂല്യം കണക്കാക്കിലെടുത്ത് വധശിക്ഷ സുപ്രീം കോടതി 2016 ൽ റദ്ദാക്കി ജീവപര്യന്തമായി മാറ്റുകയുമായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button