Local newsPONNANI

ജയിലിൽനിന്നിറങ്ങി ഇരുപതോളം മോഷണങ്ങൾ; 2 പേർ പൊന്നാനി പോലീസിന്റെ പിടിയിൽ

പൊന്നാനി∙ ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ബൈക്ക് റൈഡർ സഹതടവുകാരനായിരുന്ന ആൾക്കൊപ്പം 2 മാസത്തിനിടെ നടത്തിയത് ഇരുപതോളം മോഷണങ്ങൾ. സിസിടിവിയിൽ കണ്ട പ്രതിയുടെ ഷൂസാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. എറണാകുളം കുമ്പളം സ്വദേശി ചിറ്റപ്പുറത്ത് ഫയാസ് (22), കല്ലായി ചെന്നാലിപ്പറമ്പിൽ സലീം (42) എന്നിവരെയാണ് പൊന്നാനി സിഐ ടി.നാരായണൻ, എസ്ഐ രതീഷ് ഗോപി എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്.

പൊന്നാനി മുല്ല റോഡിൽ വച്ച് യുവതിയുടെ സ്വർണ മാല മോഷ്ടിച്ച സംഭവത്തെ തുടർന്നാണ് പ്രതികളെ തേടി പൊന്നാനി പൊലീസ് അന്വേഷണം ആരംഭിച്ചത്.സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം തുടങ്ങിയത്. ഹെൽമറ്റുകൊണ്ടും തുണികൊണ്ടും മുഖം മറച്ചും ആഡംബര ബൈക്കിൽ അതിവേഗം പാഞ്ഞും ഒരു പിടിയും തരാതെയായിരുന്നു ഇവരുടെ മോഷണം. സിസിടിവി ദൃശ്യങ്ങൾ ഓരോന്നും സൂക്ഷ്മമായി പരിശോധിച്ചു തുടങ്ങിയതോടെ യുവാവ് ധരിച്ച ഷൂസും ബൈക്കിന്റെ മുൻപിലെ രൂപമാറ്റവും പൊലീസിന്റെ ശ്രദ്ധയിൽപെട്ടു.

ഇതോടെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പല ഭാഗങ്ങളിൽ നിന്നുമായി ശേഖരിച്ചു. ഇതിനിടയിൽ കുറ്റിപ്പുറത്ത് കെഎസ്ആർടിസി ബസിൽ കൂട്ടുപ്രതിയെ കയറ്റി വിടുന്ന ദൃശ്യങ്ങളും ലഭിച്ചു. അങ്ങനെ രണ്ടാഴ്ചകൊണ്ട് പൊലീസ് പ്രതികളിലേക്കെത്തി. ഒട്ടേറെ മോഷണക്കേസുകളിൽ പ്രതികളായിരുന്ന ഇരുവരും ജയിലിൽ വച്ചാണ് സുഹൃത്തുക്കളായത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button