ജനവിധി വിനയത്തോടെ അംഗീകരിക്കുന്നു, ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ബിജെപി നിറവേറ്റുമെന്ന് കരുതുന്നു*
![](https://edappalnews.com/wp-content/uploads/2025/02/IMG_20250208_201303.jpg)
ഡൽഹി തിരഞ്ഞെടുപ്പിലെ ജനവിധി വളരെ വിനയത്തോടെ അംഗീകരിക്കുന്നുവെന്ന് ആം ആദ്മി പാർട്ടി കൺവീനറും മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാൾ. വിജയിച്ച ബിജെപിയെ അഭിനന്ദിക്കുന്നുവെന്നും ജനങ്ങൾക്ക് നൽകിയ എല്ലാ വാഗ്ദാനങ്ങളും അവർ നിറവേറ്റുമെന്ന് കരുതുന്നെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് വിധി പുറത്തുവന്നതിന് പിന്നാലെ വീഡിയോ സന്ദേശത്തിലൂടെയാണ് കേജ്രിവാളിന്റെ പ്രതികരണം.
‘ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യം എന്നീ മേഖലകളിൽ കഴിഞ്ഞ പത്ത് വർഷമായി മികച്ച പ്രവർത്തനങ്ങൾ ഞങ്ങൾ നടത്തി. ക്രിയാത്മക പ്രതിപക്ഷത്തിന്റെ പങ്ക് വഹിക്കുക മാത്രമല്ല, ജനങ്ങൾക്കിടയിൽ തുടരുകയും അവരെ സേവിക്കുന്നത് തുടരുകയും ചെയ്യും’- അരവിന്ദ് കേജ്‌രിവാൾ വീഡിയോയിൽ പറഞ്ഞു.അതേസമയം, തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയാണ് ആം അദ്മി നേരിട്ടത്. ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവർ ദയനീയ പരാജയമാണ് ഏറ്റുവാങ്ങിയത്. നിലവിലെ മുഖ്യമന്ത്രി അതിഷി മർലേന കൽകാജി മണ്ഡലത്തിൽ ജയിച്ചത് ആം ആദ്മിക്ക് ആശ്വാസമായി. ന്യൂഡൽഹി നിയമസഭാ മണ്ഡലത്തിൽ മത്സരിച്ച കേജ്‌രിവാളിന് 21,561 വോട്ടുകൾ മാത്രമാണ് നേടാനായത്. 24,743 വോട്ടുനേടിയ ബിജെപിയുടെ പർവേഷ് സാഹിബ് സിംഗ് ആണ് മണ്ഡലം പിടിച്ചെടുത്തത്.ജംഗ്പുര മണ്ഡലത്തിൽ നിന്ന് മത്സരിച്ച സിസോദിയ നേടിയത് 30,724 വോട്ടുകളാണ്. ഇവിടെ 31,593 വോട്ടുകൾ നേടി ബിജെപിയുടെ തർവീന്ദർ സിംഗ് മാർവ വിജയിച്ചു. ആയിരത്തിനടുത്ത് വോട്ടുകൾക്കാണ് ബിജെപിയുടെ രമേശ് ബിധുരിയെ അതിഷി പരാജയപ്പെടുത്തിയത്. ബിജെപി മികച്ച വിജയം നേടിയ പശ്ചാത്തലത്തിൽ ഇന്ന് രാത്രി ഏഴ് മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി പാർട്ടി ആസ്ഥാനത്ത് പ്രവർത്തകരെ കാണും. ഡൽഹിയിൽ സർക്കാർ രൂപീകരിക്കുന്നതിനുള്ള ചർച്ചകൾ ബിജെപി ആരംഭിച്ചുകഴിഞ്ഞു. ഡൽഹി ബിജെപി അദ്ധ്യക്ഷൻ വീരേന്ദ്ര സച്ച്‌ദേവയുമായി ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ ചർച്ച നടത്തി.
![](http://edappalnews.com/wp-content/uploads/2025/01/logo.png)