ഉമർഖാസി: പൊന്നാനിയുടെ മണ്ണിൽനിന്ന് ഉയർന്ന പോരാളി


പൊന്നാനി: സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിന്റെ കാൽപ്പാടുകൾ ഏറെയുണ്ട് പൊന്നാനിയുടെ ചരിത്ര ഭൂമികയിൽ. ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം ആചരിക്കുമ്പോൾ വൈദേശികാധിപത്യത്തിനെതിരെ പോരാടിയ വെളിയങ്കോട് ഉമർഖാസിയുടെ പോർവീര്യത്തിന്റെ അമര സ്‌മരണകൾ അലയടിക്കുന്നുണ്ട് പൊന്നാനിയുടെ മണ്ണിലും മനസിലും.
ഗാന്ധിജി ജനിക്കുന്നതിനും 50 വർഷംമുമ്പ് ബ്രിട്ടീഷ് ഭരണകൂടത്തിന് നികുതി കൊടുക്കരുതെന്ന് പ്രഖ്യാപിച്ച് നികുതി നിഷേധ പ്രസ്ഥാനത്തിന് തുടക്കമിട്ട പോരാളിയായിരുന്നു ഉമർഖാസി.
1765-ൽ വെളിയങ്കോട്ട് പിറന്ന ഖാസിയാരകത്ത് കാക്കത്തറയിൽ ഉമർ ഇസ്ലാമിക പണ്ഡിതനും മഹല്ല് ഖാസിയുമായിരുന്നു. സൂഫിവര്യനായ കവിയായ അദ്ദേഹം പിന്നീട് പോരാളിയായ ആത്മീയ നേതാവായി.
ബ്രിട്ടീഷുകാർ നാടുവിടണമെന്നും അവർക്ക് നികുതി കൊടുക്കരുതെന്നും ആഹ്വാനംചെയ്യുകമാത്രമല്ല അതിനുവേണ്ടിയുള്ള പോരാട്ടങ്ങളിൽ സജീവമായി.
സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ഏറെയൊന്നും അറിയപ്പെടാത്ത നായകനായിരുന്നു അദ്ദേഹം. 1819-ലാണ് അദ്ദേഹം നികുതിനിഷേധ പ്രസ്ഥാനം തുടങ്ങിയത്.
തന്നെ ഭീഷണിപ്പെടുത്താൻ വന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥന്റെ മുഖത്ത് തുപ്പിയ ഖാസി പിടിക്കാൻ വന്ന പൊലീസ് ഉദ്യോഗസ്ഥന്റെ കരണത്തടിച്ചതും ചരിത്രം. അറസ്റ്റിലായശേഷം
മാപ്പുപറയാൻ ആവശ്യപ്പെട്ട മലബാർ കലക്ടറോട് “ഞങ്ങളുടെ രാജ്യം വഞ്ചനയിലൂടെ കൈവശപ്പെടുത്തിയ നിങ്ങൾക്ക് മാപ്പില്ല’ എന്ന് ഖാസി തിരിച്ചടിച്ചു.
1819 ഡിസംബർ 18 മുതൽ തടവിന് വിധിക്കപ്പെട്ട ഉമർഖാസി ഗുരുവും നേതാവുമായ മമ്പുറം സയ്യിദ് അലവി തങ്ങൾക്ക് ശക്തവും തീവ്രവുമായ ഭാഷയിൽ അറബി കാവ്യസന്ദേശം അയച്ചു. മമ്പുറം തങ്ങൾ കാവ്യത്തിന്റെ ആയിരക്കണക്കിന് പ്രതികൾ മലബാറിലാകെ പ്രചരിപ്പിച്ചു.
ഉമർഖാസിയെ തടവിലാക്കിയതിൽ പ്രതിഷേധം ആളി. നാട് ഇളകിയതോടെ അപകടം മുൻകൂട്ടിക്കണ്ട് ബ്രിട്ടീഷ് മേധാവികൾ ഉമർഖാസിയെ വിട്ടയച്ചു. 1857 ഒന്നാം സ്വാതന്ത്ര്യസമര ഘട്ടത്തിൽ ഉമർഖാസി ചരിത്രത്തിന്റെ ഭാഗമായി.
