Local newsPONNANI

ജനകീയ നേതാക്കളെ തരംതാഴ്ത്തിയതിൽ പൊന്നാനിയിൽ പ്രതിഷേധം; സിപിഎമ്മിൽ ഭിന്നത; അമർഷം

പൊന്നാനി: പ്രധാന നേതാക്കളെ തരം താഴ്ത്തിയതിനു പിന്നാലെ മലപ്പുറം പൊന്നാനിയിലും പെരിന്തല്‍മണ്ണയിലും സി.പി.എം പ്രാദേശിക നേതൃത്വങ്ങള്‍ക്കിടയില്‍ ഭിന്നതയും പ്രതിഷേധവും ഉയരുന്നു. പൊന്നാനിയിലെ മൂന്നു ലോക്കല്‍ സെക്രട്ടറിമാര്‍ തീരുമാനം തിരുത്തണമെന്ന് ജില്ല നേതൃത്വത്തോട് ആവശ്യപ്പെട്ടു. ജനകീയ നേതാക്കളെ തരം താഴ്ത്തിയതില്‍ പെരിന്തല്‍മണ്ണയിലും സിപിഎമ്മിനുളളില്‍ അമര്‍ഷം പുകയുകയാണ്.

ജില്ല സെക്രട്ടേറിയറ്റ് അംഗമായിരുന്ന ടി.എം. സിദ്ദീഖിനെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയ നടപടി അംഗീകരിക്കാനാവില്ലെന്ന വികാരമാണ് സി.പി.എം പ്രാദേശിക നേതൃത്വങ്ങള്‍ക്കുളളത്. നിയമസഭ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയെ വെല്ലുവിളിച്ചു നടന്ന പ്രകടനത്തിന്‍റെ പേരിലാണ് ടി.എം. സിദ്ദീഖ് അടക്കമുളള നേതാക്കള്‍ക്ക് എതിരെയുളള നടപടി.

അച്ചടക്ക നടപടി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പെരുമ്പടപ്പ്, വെളിയംകോട്, എരമംഗലം ലോക്കല്‍ സെക്രട്ടറിമാരുടെ നേതൃത്വത്തിലാണ് പ്രാദേശിക വികാരം ജില്ല സെക്രട്ടറിയെ അറിയിച്ചത്. തീരുമാനവുമായി മുന്നോട്ടു പോയാല്‍ ലോക്കല്‍, ഏരിയ സമ്മേളനങ്ങളില്‍ പ്രതിഷേധം മറനീക്കി പുറത്തു വരുമെന്നാണ് സൂചന. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പേ പാര്‍ട്ടി സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി സ്ഥാനാര്‍ഥിയാകാന്‍ കരുനീക്കങ്ങള്‍ നടത്തിയ പി. ശ്രീരാമകൃഷ്ണനെതിരെ പരാതി നല്‍കിയിട്ടും പാര്‍ട്ടി പരിശോധിച്ചില്ലെന്ന ആക്ഷേപവുമുണ്ട്.

പെരിന്തല്‍മണ്ണയിലെ സി.പി.എമ്മിന്‍റെ ജനകീയ മുഖം വി. ശശികുമാറിന് മങ്കടയില്‍ തിരഞ്ഞെടുപ്പ് ചുമതല നല്‍കിയിരുന്നു. സി.ദിവാകരന് നിലമ്പൂരിലും. ഒടുവില്‍ സി.പി.എം സ്വതന്ത്രസ്ഥാനാര്‍ഥി പരാജയപ്പെട്ടപ്പോള്‍ മണ്ഡലത്തില്‍ ചുമതല ഇല്ലാതിരുന്ന ഇരുവരേയും ജാഗ്രതക്കുറവ് ആരോപിച്ച് ഏരിയ കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയ നടപടി യുക്തിസഹമല്ലെന്ന ആക്ഷേപവും നേതൃത്വത്തിന് എതിരെ ഉയര്‍ന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button